രാത്രി ശബ്ദം കേട്ട് എണീറ്റു വരുമ്പോള്‍ അടുക്കളയില്‍ ഒരു വമ്പന്‍ സിംഹത്തെ കണ്ടാലെന്തു ചെയ്യും? ഗുജറാത്തിലെ അമ്രേലി ജില്ലയിലെ ഹമിര്‍ഭായിയുടെ വീട്ടിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി അടുക്കളയില്‍ നിന്ന് ശബ്ദം കേട്ടപ്പോള്‍ പൂച്ചയാണെന്നാണ് ആദ്യം വീട്ടുകാര്‍ കരുതിയത്.
അടുക്കള തുറന്നിട്ടും ആളെ കണ്ടില്ല. ഒടുവില്‍ ടോര്‍ച്ചടിച്ചു നോക്കുമ്പോള്‍ 13 അടി ഉയരമുളള അടുക്കളഭിത്തിയുടെ മുകളില്‍ ഇരിക്കുന്നു ഒരു കൂറ്റന്‍ സിംഹം. വീട്ടുകാര്‍ പേടിച്ചു വിറച്ചെങ്കിലും സിംഹത്തിന് ഒരു കൂസലുമുണ്ടായിരുന്നില്ല. ഫ്ലാഷ് ലൈറ്റിനു മുന്നില്‍ പോലും ശാന്തനായി സിംഹം രണ്ടു മണിക്കൂര്‍ ഒരേ ഇരിപ്പിരുന്നു. വനംവകുപ്പ് അധികൃതരെത്തിയിട്ടും സിംഹം പരിസരം വിട്ടു പോകുന്നതുവരെ കാത്തിരിക്കുകയല്ലാതെ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
സിംഹങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയായ ഗിര്‍ ദേശീയ പാര്‍ക്കിന്റെ ഒരു ഭാഗം അമ്രേലി ജില്ലയിലും കൂടിയാണ് പരന്നു കിടക്കുന്നത്. 2024ല്‍ ഒരു വലിയ സിംഹക്കൂട്ടത്തെ തന്നെ അമ്രേലിയിലെ റോഡ് മുറിച്ചു കടക്കുന്നതിനിടെ നാട്ടുകാര്‍ കണ്ടിരുന്നു. പക്ഷേ ഇങ്ങനെ വീടിന്റെ അടുക്കളയില്‍ സിംഹത്തിന്റെ സന്ദര്‍ശനം ഇതാദ്യമാണ്.