Representative image
വിവാഹിതയായ സ്ത്രീ കാമുകനൊപ്പം ഒളിച്ചോടിയതിന്‍റെ പ്രതികാരമായി യുവാവിന്‍റെ വീടുള്‍പ്പടെ ആറുകെട്ടിടങ്ങള്‍ ബുല്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. യുവതിയുടെ കുടുംബാംഗങ്ങളുടേതാണ് പ്രതികാരം. ഗുജറാത്തിലെബറൂച്ച് ജില്ലയിലെ കരേലി ഗ്രാമത്തിലാണ് സംഭവം. മറ്റൊരു സമുദായത്തിൽപ്പെട്ട പുരുഷനോടൊപ്പം യുവതി ഒളിച്ചോടിയാണ് പ്രശ്നത്തിന് കാരണമെന്ന് വേദാച്ച് ഇൻസ്പെക്ടർ ബി.എം. ചൗധരി പറഞ്ഞു.
മാര്‍ച്ച് 21 ന് രാത്രിയായിരുന്നു സംഭവം. ആനന്ദ് ജില്ലയിലെ അങ്ക്ലാവിലുള്ള മാതാപിതാക്കളെ കാണാൻ പോയതായിരുന്നു യുവതി. അവിടെ നിന്നാണ് മഹേഷ് ഫുള്‍മാലി എന്ന യുവാവിനൊപ്പം യുവതി ഒളിച്ചോടുന്നത്. യുവതിയുടെ കുടുംബം നല്‍കിയ പരാതിയില്‍ ആനന്ദ് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെ യുവതിയുടെ ബന്ധുക്കള്‍ മഹേഷിന്‍റെ വീട്ടിലെത്തുകയും യുവതിയെയും മഹേഷിനെയും രണ്ട് ദിവസത്തിനുള്ളിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
രാത്രി ഒന്‍പത് മണിയോടെ ബുള്‍ഡോസറുമായെത്തിയ സംഘം യുവാവിന്‍റെ വീടിന്‍റെ ഭാഗങ്ങള്‍ തകര്‍ക്കുകയായിരുന്നു. ഷെഡും ശൗചാലയത്തിന്‍റെ ഭാഗങ്ങളുമാണ് തകര്‍ത്തത്. പ്രതികള്‍ ആറു വീടുകള്‍ തകര്‍ത്തു എന്നാണ് എഫ്ഐആറിലുള്ളത്. തൊട്ടടുത്ത ദിവസം മഹേഷിന്‍റെ അമ്മ നല്‍കിയ പരാതിയില്‍ പൊലീസ് ആറു പേര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ബുള്‍ഡോസര്‍ ഡ്രൈവര്‍ ഉള്‍പ്പടെയുള്ളവരാണ് അറസ്റ്റിലായത്. വീടുകള്‍ പൊളിച്ച ബുള്‍ഡോസറും കണ്ടുകെട്ടി.
പ്രതികള്‍ മഹേഷിന്‍റെ സഹോദരിയെ ആക്രമിച്ചതായും പരാതിയുണ്ട്. വീടുകൾക്ക് പുറത്തുള്ള അനധികൃത നിർമ്മാണങ്ങൾ മാത്രമാണ് തങ്ങൾ പൊളിച്ചുമാറ്റിയതെന്നാണ് യുവതിയുടെ കുടുംബം അവകാശപ്പെട്ടത്. ഗ്രാമ മുഖ്യന്‍റെ സാന്നിധ്യത്തിലാണ് നിർമ്മാണങ്ങൾ പൊളിച്ചുമാറ്റിയതെന്നും കുടുംബാംഗങ്ങള്‍ അവകാശപ്പെട്ടു.