income-tax-loksabha-election

ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ ആദായ നികുതി വകുപ്പ് പണവും സ്വര്‍ണാഭരണങ്ങളുമടക്കം പിടിച്ചെടുത്തത് 1100 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനു ശേഷം 45 ദിവസത്തിനുള്ളില്‍ പിടിച്ചെടുത്ത തുകയാണിത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 390 കോടി രൂപയാണ് പിടിച്ചെടുത്തത്. കഴിഞ്ഞ തവണത്തേക്കാള്‍ 182 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

വോട്ടർമാരെയോ സ്ഥാനാർഥികളേയോ സ്വാധീനിക്കാൻ കഴിയുന്ന കണക്കില്‍പ്പെടാത്ത പണം, മദ്യം, സൗജന്യങ്ങൾ, മയക്കുമരുന്ന്, ആഭരണങ്ങൾ, മറ്റ് വസ്തുക്കൾ, തിരഞ്ഞെടുപ്പ് പ്രക്രിയയെ കളങ്കപ്പെടുത്താൻ ഉപയോഗിക്കാവുന്ന മറ്റ് ഇനങ്ങൾ എന്നിവ കണ്ടെടുത്തുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായി എല്ലാ പ്രധാന നഗരങ്ങളിലും പട്ടണങ്ങളിലും ഐടി വകുപ്പ്  24x7  കൺട്രോൾ റൂമുകൾ സ്ഥാപിച്ചിരുന്നു. കൂടാതെ, ഇസിഐ സംഘവും ലോക്കൽ പൊലീസും ചേർന്ന് റോഡിലെ വാഹന പരിശോധനയും രാഷ്ട്രീയ പാർട്ടി ഓഫീസുകളിലെ പരിശോധനയും ശക്തമാക്കിയിരുന്നു.

ആദായ നികുതി വകുപ്പിന്‍റെ കണക്കനുസരിച്ച്, ഡല്‍ഹി,കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അനധികൃത പണം കണ്ടുകെട്ടിയത്. 200 കോടി രൂപയുടെ പണവും ആഭരണങ്ങളുമാണ് ഈ സംസ്ഥാനങ്ങളില്‍ നിന്നും പിടിച്ചെടുത്തത്. 150 കോടി പിടിച്ചെടുത്ത തമിഴ്നാടാണ് രണ്ടാം സ്ഥാനത്തുള്ളത്. ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡിഷ എന്നിവിടങ്ങളില്‍ നിന്നും 100 കോടിയലധികം വിലമതിക്കുന്ന പണവും ആഭരണങ്ങളും ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. 

വ്യക്തികൾ 50,000 രൂപയിൽ കൂടുതൽ പണമോ 10,000 രൂപയിൽ കൂടുതൽ മൂല്യമുള്ള പുതിയ വസ്തുക്കളോ രേഖകളില്ലാതെ കൊണ്ടുപോകുന്നതായി കണ്ടെത്തിയാല്‍ അധികാരികള്‍ക്ക് പിടിച്ചെടുക്കാം. തിരഞ്ഞെടുപ്പുമായി ബന്ധമില്ലാത്ത വസ്തുക്കളുടെ സാധുവായ രേഖകൾ നല്‍കിയാല്‍ വ്യക്തികള്‍ അവ തിരികെ നല്‍കുന്നതാണ്. എന്നാല്‍ പിടിച്ചെടുത്ത തുക 10 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ അതിന്‍റെ ഉറവിടം മനസിലാകാന്‍ അത് കൂടുതൽ പരിശോധനയ്ക്കായി ആദായനികുതി വകുപ്പിന് കൈമാറും.

ENGLISH SUMMARY:

Income Tax Department seizes Rs 1100 crore