bhole-bhava-bio

യുപിയിലെ ഹാത്രസില്‍ മതചടങ്ങിനിടെ തിക്കിലും തിരക്കിലുപ്പെട്ടുണ്ടായ അപകടം വളരെ ഞെട്ടലോടെയാണ് ലോകം കേട്ടത്. നിരവധി പേര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. ഒട്ടേറെ പേര്‍ക്ക് ഗുരുതര പരുക്കും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫുലരി ഗ്രാമത്തിൽ ചൊവ്വാഴ്ച ഭോലെ ബാബ എന്ന മതപ്രഭാഷകൻ നടത്തിയ സത്സംഗത്തിനിടെയാണ് അപകടം. അപകടവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

മതപ്രഭാഷണത്തിനു ശേഷം ഭോലെ ബാബയെ കണ്ട് അനുഗ്രഹം വാങ്ങാനും അദ്ദേഹത്തിന്‍റെ കാല്‍പ്പാദത്തിനടിയില്‍ നിന്ന് മണ്ണെടുക്കാന്‍ ഭക്തജനങ്ങള്‍ തിരക്ക് കൂട്ടിയതുമാണ് അപകടകാരണം. ചെറിയ ഒരു സ്ഥലത്ത് എല്ലാവരും കൂടെ എത്തിയപ്പോഴുണ്ടായ തിക്കും തിരക്കും അപകടത്തിന്‍റെ വ്യാപ്തി വര്‍ധിക്കാന്‍ കാരണമായെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ബാവ ഉടന്‍ അറസ്റ്റിലായേക്കുമെന്നാണ് സൂചന. 

ആരാണ് ഭോലെ ബാബ?

സ്വയം പ്രഖ്യാപിത ആൾദൈവമാണ് ഭോലെ ബാബ. സൂരജ് പാൽ എന്നാണ് അദ്ദേഹത്തിന്‍റെ യഥാര്‍ഥ പേര്. നാരായണ്‍ സാകർ വിശ്വ ഹരി ഭോലെ ബാബ എന്നും അറിയപ്പെടുന്നു. ഇറ്റാ ജില്ലയിലെ പട്യാലി തഹസിൽ ബഹാദൂർ ഗ്രാമത്തിലാണ് ബാബ  ജനിച്ചത്. മുന്‍ ഇന്‍റലിജൻസ് ബ്യൂറോ ജീവനക്കാരനായിരുന്നുവെന്നാണ് ഇദ്ദേഹത്തിന്‍റെ അവകാശ വാദം.

ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ള കുടുംബത്തില്‍ നിന്നുള്ള വ്യക്തിയാണ് ബാബ. മൂന്നു മക്കളില്‍ രണ്ടാമനാണ് ഇദ്ദേഹം. വിവാഹിതനാണെങ്കിലും ബാബയ്ക്ക് കുട്ടികളില്ല. ഭാര്യ മാതാശ്രീ എന്നാണ് അറിയപ്പെടുന്നത്. മതപ്രഭാഷണങ്ങളില്‍ ഇദ്ദേഹത്തോടൊപ്പം ഭാര്യയും ഉണ്ടാകാറുണ്ട്.

26 വർഷം മുമ്പ് ഭോലെ ബാബ  സർക്കാർ ജോലി ഉപേക്ഷിച്ച് ആത്മീയവഴി തിരഞ്ഞെടുത്ത് മതപ്രഭാഷണങ്ങൾ നടത്താൻ തുടങ്ങി.  കോവിഡ് -19 പാൻഡെമിക് സമയത്ത് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും വലിയ ജനക്കൂട്ടം അദ്ദേഹത്തെ തേടിയെത്തുന്നത് സാധാരണക്കാര്‍ക്കിടയില്‍ അദ്ദേഹം കൂടുതല്‍ പ്രസിദ്ധനാകാന്‍ കാരണമായി.  ഇന്ന്, പടിഞ്ഞാറൻ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, രാജസ്ഥാൻ, ഡൽഹി എന്നിവയുൾപ്പെടെ ഇന്ത്യയിലുടനീളം ദശലക്ഷക്കണക്കിന് അനുയായികളാണ് ബാബയ്ക്കുള്ളത്.

ഇന്ന് മതപ്രഭാഷണങ്ങള്‍ നടത്തുന്ന പല വ്യക്തികളില്‍ നിന്നും വ്യത്യസ്തനാണ് ഭോലെ ബാബ. സോഷ്യല്‍മീഡിയയില്‍ നിന്ന് അദ്ദേഹം പൂര്‍ണമായും വിട്ടു നില്‍ക്കുന്നു. ഒരു സോഷ്യല്‍മീഡിയയിലും അദ്ദേഹത്തിന് ഔദ്യോഗിക അക്കൗണ്ടുകളൊന്നുമില്ല. താഴ്ന്ന ജാതിയില്‍ പെട്ട  ഭോലെ ബാബയ്ക്ക് സാധാരണക്കാരുടെ ഇടയില്‍ വലിയ സ്വാധീനമുള്ളതായി അദ്ദേഹത്തിന്‍റെ അനുയായികള്‍ അവകാശപ്പെടുന്നുണ്ട്. 

ഉത്തർപ്രദേശിലെ അലിഗഢിൽ എല്ലാ ചൊവ്വാഴ്ചയും ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ഭോലെ ബാബയുടെ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഇത്തരം പരിപാടികളില്‍ പങ്കെടുക്കാനെത്തുന്നവക്ക് അവശ്യമായ ഭക്ഷണപാനീയങ്ങൾ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കാറുണ്ട്. 

2022-ല്‍ കോവിഡ് കാലത്ത് ബാബ നടത്തിയ സത്സംഗം വന്‍ വിവാദമായിരുന്നു. ഫറൂഖാബാദ് ജില്ലയിലെ സത്സംഗില്‍ അമ്പതുപേര്‍ മാത്രമേ പങ്കെടുക്കുള്ളു എന്നായിരുന്നു ഇവര്‍ അറിയിച്ചിരുന്നത്. എന്നാല്‍ പരിപാടിയില്‍ 50,000 പേര്‍ പങ്കെടുത്തു. ഇത് വലിയ വിവാദമാവുകയും രൂക്ഷവിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.

ENGLISH SUMMARY:

Who is Bhole Baba