drone-view-of-balasore-train-accident

രാജ്യം നടുങ്ങിയ ഒഡീഷ ബാലസോറിലെ ട്രെയിന്‍ ദുരന്തത്തിന് ഇന്ന് ഒരാണ്ട്. മൂന്ന് ട്രെയിനുകള്‍ ഉള്‍പ്പെട്ട അപകടത്തില്‍ മരിച്ചത് 296 പേരാണ്. പരുക്കേറ്റത് ആയിരത്തിലേറെ ആളുകള്‍ക്ക്. ദുരന്തത്തിന്‍റെ ഒന്നാമാണ്ടിലും അപകടത്തിന്‍റെ നടുക്കം ഇന്നും വിട്ടുമാറിയിട്ടില്ല. 2023 ജൂണ്‍ രണ്ട്. രാത്രി 7.20. ഏത് അപകടത്തെയും പോലെ അപ്രതീക്ഷിതമായി ഒഡീഷയിലെ ബാലസോറില്‍ ഒരു ട്രെയിന്‍ അപകടത്തില്‍പ്പെട്ടുവെന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. പിന്നീട് രണ്ടല്ല, മൂന്ന് ട്രെയിനുകള്‍ അപകടത്തില്‍പ്പെട്ടെന്ന് വിവരം. രണ്ട് യാത്രാ ട്രെയിനുകളിലായി നൂറുകണക്കിന് യാത്രക്കാര്‍. മറ്റൊന്ന് ചരക്കുട്രെയിനും.  സംഭവ സ്ഥലത്തെ കാഴ്ചകള്‍ ഞെട്ടിക്കുന്നതായിരുന്നു.

പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് വീണ ബെംഗളൂരു ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിലേക്ക്, കൊല്‍ക്കത്തയിലെ ഷാലിമാറില്‍നിന്ന് ചെന്നൈ സെന്‍ട്രലിലേക്ക് പോവുകയായിരുന്ന കൊറമാണ്ഡല്‍ എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. മറിഞ്ഞുകിടന്ന കൊറമാണ്ഡല്‍ എക്സ്പ്രസിന്‍റെ കോച്ചുകളിലേക്ക് മറ്റൊരു ട്രാക്കിലൂടെ പിന്നീ‍ട് വന്ന ഗുഡ്സ് ട്രെയിനും ഇടിച്ചുകയറി. പ്രധാനമന്ത്രിയും റയില്‍വേമന്ത്രിയും അപകടസ്ഥലത്തെത്തി. ഏറെ പഴികേട്ട റയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് ദിവസങ്ങളോളം ക്യാംപ് ചെയ്ത് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു. 

രാജ്യത്തെ രണ്ടാമത്തെ വലിയ ട്രെയിന്‍ ദുരന്തം ട്രെയിന്‍ യാത്രയുടെ സുരക്ഷയെ വലിയ തോതില്‍ ചോദ്യംചെയ്തു. സിബിഐ അന്വേഷണം മൂന്ന് റയില്‍വേ ഉദ്യോഗസ്ഥരുടെ ജോലി തെറിപ്പിച്ചു. മാനുഷികമായ ചില പിഴവുകളാണ് അപകടത്തിന് കാരണമെന്ന് വ്യക്തമായി. തിരിച്ചറിയാത്തവരുടെ പോലും മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. കോടതി അനുമതിയോടെ ഇവ പിന്നീട് സംസ്കരിച്ചു. 

ENGLISH SUMMARY: