bengal-train-derail-new

296 പേര്‍ കൊല്ലപ്പെട്ട ഒഡിഷ ബാലസോര്‍ ട്രെയിന്‍ ദുരന്തത്തിന്റെ ഒന്നാംവാര്‍ഷികം ഈമാസം രണ്ടിനായിരുന്നു. രണ്ടാഴ്ചയ്ക്കിപ്പുറം ബംഗാളില്‍ സമാനമായ രീതിയില്‍ രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അഞ്ചുപേര്‍ കൊല്ലപ്പെട്ടു. മുപ്പതിലേറെപ്പേര്‍ക്ക് പരുക്കേറ്റു. രംഗപാണി റെയില്‍വേ സ്റ്റേഷനടുത്തുവച്ചാണ് കാഞ്ചന്‍ജംഗ എക്സ്പ്രസ് ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചത്. ബാലസോര്‍ അപകടമുണ്ടായപ്പോഴും അതിനുമുന്‍പും കേട്ട പേരാണ് ‘കവച്’. ട്രെയിന്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ‘കവച്’ എന്ന ദുരന്തപ്രതിരോധ സംവിധാനം എവിടെ എന്ന ചോദ്യം വീണ്ടും ഉയരുകയാണ്.

എന്താണ് കവച്?

ഇന്ത്യൻ റെയിൽവേ തദ്ദേശീയമായി വികസിപ്പിച്ച ഓട്ടമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷന്‍ ടെക്നോളജിയാണ് കവച്. ഓടുന്ന ട്രെയിനുകളുടെ സുരക്ഷ വർദ്ധിപ്പിക്കുകയാണ് ഇതിന്‍റെ ലക്ഷ്യം. ട്രെയിനുകളുടെ കൂട്ടിയിടിയും സിഗ്നൽ ശ്രദ്ധിക്കാത്തതുമൂലമുണ്ടാകുന്ന അപകടങ്ങളും ഒഴിവാക്കാന്‍ ഇത് സഹായിക്കുന്നു. അമിത വേഗം, പ്രതികൂല കാലാവസ്ഥ തുടങ്ങിയ സാഹചര്യങ്ങളിലും ‘കവച്’ സുരക്ഷയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നു.

kavach-poster

ഒരേ ട്രാക്കിൽ രണ്ട് ട്രെയിനുകൾ നേർക്കുനേർ വന്നാൽ കവച് ഓട്ടമാറ്റിക് ബ്രേക്കിങ് സംവിധാനം പ്രവർത്തിപ്പിച്ച് നിശ്ചിത അകലത്തിൽ ട്രെയിനുകൾ നിർത്തും. സിഗ്നൽ വഴി പ്രവർത്തിക്കുന്ന കവചിൽ എസ്ഐഎൽ 4 സർട്ടിഫൈഡ് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനായി എൻജിനിലും ട്രാക്കിലും സ്റ്റേഷനുകളിലും സിഗ്നൽ സംവിധാനത്തിലും ഉപകരണങ്ങളുണ്ടാകും. പക്ഷേ ഒരേ ദിശയിൽ വരുന്ന 2 ട്രെയിനുകളിലും കവച് ഉണ്ടായിരിക്കണം. ഒന്നിൽ മാത്രമേയുള്ളുവെങ്കിലും 90% അപകട സാധ്യതയുണ്ട്.

ലോക്കോ പൈലറ്റ് സിഗ്നൽ മറികടന്നാലും കവച് മുന്നറിയിപ്പ് നല്‍കും. ട്രെയിനുകൾ നിർത്തുകയും ചെയ്യും. ബ്രേക്ക് പ്രവര്‍ത്തിപ്പിക്കുന്നതില്‍ ലോക്കോ പൈലറ്റ് പരാജയപ്പെട്ടാല്‍ കവച് ഓട്ടോമാറ്റിക്കായി ബ്രേക്ക് പ്രവര്‍ത്തിപ്പിക്കും. ലെവൽ ക്രോസിംഗ് ഗേറ്റുകളിലെ ഓട്ടോ-വിസിൽ, ലോക്കോ-ടു-ലോക്കോ ആശയവിനിമയം സാധ്യമാക്കി കൂട്ടിയിടി ഒഴിവാക്കൽ, അപകടമുണ്ടായാൽ സമീപത്തുള്ള ട്രെയിനുകളെ നിയന്ത്രിക്കാനുള്ള എസ്ഒഎസ് ഫീച്ചർ എന്നിവയും കവചിന്‍റെ പ്രത്യേകതകളാണ്.

കവച് ഇതുവരെ...

രാജ്യത്ത് ആകെ 68,000 കിലോമീറ്റർ റെയിൽപാതയുണ്ട്. ഇതുവരെ 6,000 കിലോമീറ്ററിൽ മാത്രമേ കവച് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളൂ എന്നാണ് റെയിൽവേ മന്ത്രാലയം പറയുന്നത്. 10,000 കിലോമീറ്ററില്‍ കവച് നടപ്പാക്കാനുള്ള ടെൻഡറും റെയിൽവേ നൽകിയിട്ടുണ്ട്.

സൗത്ത് സെൻട്രൽ റെയിൽവേയിൽ 1,465 കിലോമീറ്ററിലും 139 ലോക്കോമോട്ടീവുകളിലുമാണ് ഇപ്പോള്‍ കവച് വിന്യസിച്ചിരിക്കുന്നത്. ഈസ്റ്റേൺ റെയിൽവേ, ഈസ്റ്റ് സെൻട്രൽ റെയിൽവേ, നോർത്ത് സെൻട്രൽ റെയിൽവേ, നോർത്ത് റെയിൽവേ, വെസ്റ്റ് സെൻട്രൽ റെയിൽവേ, വെസ്റ്റേൺ റെയിൽവേ എന്നീ മേഖലകളിലായി ഏകദേശം 3,000 റൂട്ട് കിലോമീറ്ററുകൾ ഉൾക്കൊള്ളുന്ന ഡൽഹി-മുംബൈ, ഡൽഹി-ഹൗറ റെയില്‍വേ ലൈനുകള്‍ക്കും കവചിന്‍റെ കരാറുകള്‍ നല്‍കിയിട്ടുണ്ട്.

ബാലസോറില്‍ സംഭവിച്ചത്...

ബാലസോറില്‍ ട്രെയിന്‍ ദുരന്തത്തില്‍പ്പെട്ട ട്രെയിനുകളില്‍ കവച് സംവിധാനം ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. കോറമാന്‍ഡൽ എക്‌സ്‌പ്രസിന്‍റെ ലോക്കൊമോട്ടിവിൽ മാത്രം കവച് ഘടിപ്പിച്ചിരുന്നെങ്കിൽപ്പോലും അത് അപകടം തടയില്ലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ വാദിക്കുന്നു. റിലേ റൂമിലെ ക്രമീകരണങ്ങൾ തെറ്റാണെങ്കിൽ ഒരു ഉപകരണവും ശരിയായി പ്രവർത്തിക്കില്ല. മാത്രമല്ല ട്രെയിൻ ലൂപ്പ് ലൈനിലേക്ക് പ്രവേശിച്ചുകഴിഞ്ഞാൽ ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിക്കുന്നതിന് മുമ്പ് 50-60 മീറ്റർ ഇടുങ്ങിയ മാർജിൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവിടെ മെക്കാനിക്കൽ കൃത്രിമത്വത്തിനും ഇടമില്ല.

balsore-drone

ബാലസോര്‍ ട്രെയിന്‍ അപകടം (ഫയല്‍ ചിത്രം)

കവചിന്‍റെ നിര്‍മാണം

നിലവിൽ എച്ച്‌ബിഎൽ പവർ സിസ്റ്റംസ്, കെർണക്സ്, മേധ എന്നീ ഇന്ത്യൻ ഒറിജിനൽ എക്യുപ്‌മെന്‍റ് മാനുഫാക്‌ചറേഴ്‌സിന് (ഒഇഎം) കവച് നിര്‍മിക്കാനുള്ള അനുമതിയുണ്ട്. നിര്‍മാണം വർധിപ്പിക്കുന്നതിനായി കൂടുതൽ ഒഇഎമ്മുകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും റിപ്പോർട്ടുണ്ട്.

ENGLISH SUMMARY:

The one-year anniversary of the train disaster in Balasore was on June 2. Two weeks later, another train accident occurred in a similar manner. On Monday morning, the Kanchanjungha Express collided with a goods train in Darjeeling, West Bengal. The accident resulted in 15 deaths and over 60 injuries. What has the railway done to prevent recurring collisions? As the country is shaken by yet another train accident, the importance of Kavach and the inability to implement the system effectively are once again being discussed.