Image Credit: x.com/DEEPAKKAHUJA

Image Credit: x.com/DEEPAKKAHUJA

TOPICS COVERED

ഹരിയാനയിലെ ഗുരുഗ്രാമില്‍‌ എയര്‍കണ്ടീഷണറില്‍ നിന്നും തീപടര്‍ന്നുണ്ടായ അപകടത്തില്‍ ഫ്ലാറ്റിലുണ്ടായിരുന്നവര്‍ക്ക് രക്ഷയായത് വളര്‍ത്തുനായ. സെക്ടര്‍ 47 ലെ യൂണിവേള്‍ഡ് ഗാര്‍ഡനിലെ ടവര്‍ ഒന്നിലെ 12ാം നമ്പര്‍ ഫ്ലാറ്റിലാണ് എസിക്ക് തീപിടിച്ചത്. ശനിയാഴ്ച അതിരാവിലെയായിരുന്നു സംഭവം.

സംഭവസമയത്ത് ഫ്ലാറ്റിന്‍റെ ഉടമ ദീപക് കുമാറും ഭാര്യയും സ്ഥലത്തില്ലായിരുന്നു. ഇവരുടെ മക്കളും അവരു‍ടെ സുഹൃത്തുക്കളുമാണ് ഫ്ലാറ്റിലുണ്ടായിരുന്നത്. രാവിലെ ആറുമണിയോടടുത്താണ് ഇവരുടെ വളര്‍ത്തുനായ താര നിര്‍ത്താതെ കുറയ്ക്കാന്‍ ആരംഭിച്ചത്. ഫ്ലാറ്റില്‍ ഉണ്ടായിരുന്നവരെല്ലാം ഈ സമയം ഉറക്കത്തിലായിരുന്നു. നായയുടെ കുരകേട്ട് ദമ്പതികളുടെ ഇളയമകന്‍ രോഹന്‍ എഴുന്നേറ്റപ്പോളാണ് എസിയില്‍ നിന്നും പുക ഉയരുന്നത് കണ്ടത്. രോഹന്‍ ഉടന്‍ തന്നെ തന്‍റെ സഹോദരന്‍ നിഹാറിനെ വിളിച്ചുണര്‍ത്തി. ഈ സമയംകൊണ്ട് മുറി മുഴുവന്‍ പുക പടര്‍ന്നിരുന്നു. ഇവര്‍ വിവരമറിയച്ചതിനെ തുടര്‍ന്നാണ് ഫ്ലാറ്റിലെ എമര്‍ജന്‍സി ടീം എത്തി തീയണച്ചത്.

പുക ഉയരുന്നതു കണ്ട് വളര്‍ത്തുനായ കുരച്ചതാണ് വലിയ അപകടം ഒഴിവാകാന്‍ കാരണം. അതേസമയം ഫ്ലാറ്റിലെ അഗ്നിരക്ഷാ സംവിധാനങ്ങള്‍ കൃത്യ സമയത്തുതന്നെ പ്രവര്‍ത്തിച്ചതായും ഇത് തീ മറ്റ് മുറികളിലേക്ക് പടരുന്നത് തടഞ്ഞെന്നും കണ്ടെത്തിയിട്ടുണ്ട്. ഉടന്‍ എത്തിയ എമര്‍ജന്‍സി ടീം 10 മിനിറ്റില്‍ തീ നിയന്ത്രണവിധേയമാക്കി. പിന്നാലെ അഗ്നിശമനസേനയും സ്ഥലത്തെത്തി. ഇതിനകം തന്നെ മുറിയിലെ ഫര്‍ണീച്ചറുകളും കര്‍ട്ടനും കത്തിനശിച്ചിരുന്നു. അതേസമയം  മണിക്കൂറുകളോളം എസി തുടര്‍ച്ചയായി ഉപയോഗിച്ചിരുന്നുവെന്നും ഷോട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നും അഗ്നിശമനാസേന അറിയിച്ചു.

ENGLISH SUMMARY:

AC Sparks fire in condo flat; pet dog's barks save family