caravan-ac

വടകരയില്‍ കാരവനുള്ളില്‍ കിടന്നുറങ്ങിയ രണ്ടുപേര്‍ മരിച്ചത് കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചെന്ന് പ്രാഥമിക നിഗമനം. വാഹനത്തിന്‍റെ എഞ്ചിന്‍ ഓഫായിരുന്നു. കാരവനുള്ളിലെ എസി യുപിഎസിന്‍റെ സഹായത്തോടെയാണ് പ്രവര്‍ത്തിച്ചിരുന്നത്. എസിയുടെ പ്രവര്‍ത്തനം നിലച്ചതോടെ കിടന്നുറങ്ങിയവര്‍ വിഷവാതകം ശ്വസിക്കുകയായിരുന്നുവെന്നാണ് നിഗമനം. 

Read Also: കാരവനിലെ മരണം; ജീവനെടുത്തത് കാര്‍ബണ്‍ മോണോക്​സൈഡ്?

മലപ്പുറം വെളിയങ്കോട് സ്വദേശി നാസറിന്‍റെ പേരിലുള്ള കാരവനിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിത്. കാരവന്‍ ഡ്രൈവറായിരുന്ന മനോജും സഹായി ജോയലുമാണ് മരിച്ചത്. ഒരാളുടെ മൃതദേഹം കാരവന്‍റെ വാതിലിലും മറ്റൊന്ന് വാഹനത്തിനുള്ളിലുമായിരുന്നു. തലശേരിയില്‍ നിന്നും ആളുകളെ ഇറക്കിയ ശേഷം മടങ്ങിവരവേയാണ് വടകരയില്‍ വാഹനം നിര്‍ത്തി ഇവര്‍ ഉറങ്ങാന്‍ കിടന്നത്. രണ്ട് ദിവസമായി റോഡരികില്‍ കിടന്നതോടെയാണ് സംശയം തോന്നി പരിശോധിച്ചത്.

 

കാരവന്റെ ജനറേറ്റർ പുറത്തേക്കു നീക്കിവച്ചിരുന്നില്ലെന്നു പൊലീസ് അറിയിച്ചു. ജനറേറ്റർ വാഹനത്തിന് ഉള്ളിൽ തന്നെയായിരുന്നു. ജനറേറ്ററിരിക്കുന്നതിന്റെ താഴ്ഭാഗത്തായി മണ്ണിൽ ഓയിൽ ലീക്കായാതായും കണ്ടെത്തി. അതിനാലാണു ജനറേറ്ററിൽനിന്ന് കാർബൺ മോണോക്സൈഡ് വാഹനത്തിനുള്ളിൽ കയറിയിരിക്കാമെന്ന് സംശയം തോന്നിയതെന്നും പൊലീസ് അറിയിച്ചു. 

നാട്ടുകാരുടെ നേതൃത്വത്തിൽ വാഹനം തുറന്നപ്പോൾ ഒരാൾ വാഹനത്തിന്റെ ഡോറിനോട് ചേർന്നാണ് കിടന്നിരുന്നത്. കാർബൺ മോണോക്സൈഡ് നിറഞ്ഞ് ശ്വാസം കിട്ടാതെ ആയപ്പോൾ തുറക്കാനായി വാതിലിന് അടുത്തെത്തിയതാകാം എന്നാണ് പ്രാഥമിക നിഗമനം. വാതിൽ തുറക്കാനാകാതെ സ്റ്റെപ്പിൽ കുഴഞ്ഞു വീഴുകയായിരുന്നിരിക്കാം. രണ്ടാമത്തെ ആൾ ഉള്ളിൽ കിടക്കുന്ന നിലയിലായിരുന്നു. കാറിൽ എസി ഓണാക്കിയിട്ട് കിടന്നുറങ്ങുമ്പോൾ വിഷവാതകം നിറഞ്ഞ് മരണം സംഭവിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്തു കാരവനിൽ ഇത്തരത്തിൽ മരണം സംഭവിച്ചതായി മുൻപു റിപ്പോർട്ട് ചെയ്തിട്ടില്ല

ENGLISH SUMMARY:

Two men found dead inside parked caravan in Kozhikode