വടക്കേയിന്ത്യയില്‍ ചൂട് അസഹനീയമാണ്. രാവിലെയുള്ള കൊടുംചൂടിന് പിന്നാലെ രാത്രികാലത്തെ വൈദ്യുതി മുടക്കവും കൂടിയാകുമ്പോള്‍ പലയിടങ്ങളിലും ദുരിതം ഇരട്ടിയാവുകയാണ്. ചൂടില്‍ നിന്ന് രക്ഷനേടാന്‍ സാധ്യമായ എല്ലാ വഴികളും പയറ്റുകയാണ് ജനങ്ങള്‍. പഞ്ചാബിലെ മൂന്ന് യുവാക്കളാവട്ടെ എ.ടി.എമ്മിനുള്ളിലാണ് അഭയം കണ്ടെത്തിയത്. ചുറ്റുമുള്ള ലോകത്തെ ഗൗനിക്കാതെ പട്യാലയിലെ എസ്.ബി.ഐ എ.ടി.എമ്മിനുള്ളില്‍ കിടന്ന് മൂന്ന് യുവാക്കള്‍ ഉറങ്ങുന്നതിന്‍റെ വിഡിയോയാണ് സമൂഹമാധ്യമമായ എക്സില്‍ (ട്വിറ്റര്‍) പ്രചരിക്കുന്നത്. 'പൊള്ളുന്ന ചൂട് ജനങ്ങളെ എ.ടി.എമ്മില്‍ എത്തിച്ചു'വെന്ന കുറിപ്പോടെ ഗഗന്‍ദീപെന്നയാളാണ് വിഡിയോ പങ്കുവച്ചത്.
സമ്മിശ്ര പ്രതികരണമാണ് വിഡിയോയ്ക്ക് ചുവടെ പ്രത്യക്ഷപ്പെട്ടത്. എ.ടി.എമ്മിലെ സുരക്ഷ ജീവനക്കാരന്‍ എവിടെ എന്നായിരുന്നു പലരുടെയും ചോദ്യം. എ.ടി.എം സൂക്ഷിച്ചിരിക്കുന്ന ശീതീകരിച്ച മുറിയില്‍ കിടന്നുറങ്ങുന്നത് മദ്യപന്‍മാരാണെന്നും ഒരു സ്ത്രീ പണമെടുക്കാനായി വന്നാല്‍ അവര്‍ എന്ത് ചെയ്യണമെന്നും ചിലര്‍ എസ്.ബി.ഐയെ മെന്‍ഷന്‍ ചെയ്ത് ട്വീറ്റ് ചെയ്തു. യുവാക്കളിലൊരാളുടെ അരയില്‍ മദ്യക്കുപ്പി വച്ചിരിക്കുന്നതും വിഡിയോയില്‍ കാണാം.
സംഭവത്തില്‍ എസ്.ബി.ഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും എ.ടി.എമ്മിന്‍റെ ഐ.ഡിയും കൃത്യമായ ലൊക്കേഷനും ഏറ്റവും അടുത്തുള്ള ബ്രാഞ്ചിന്‍റെ പേരും കൂടി നല്‍കാമോ എന്നും കൃത്യമായ വിവരം ലഭിച്ചാല്‍ ഉടനടി നടപടി സ്വീകരിക്കുമെന്നും ബാങ്ക് പ്രതികരിച്ചു.
അതേസമയം ഇത്രയും ചൂട് അസഹ്യമായിരിക്കുന്ന സമയത്ത് കൃത്യമായ വൈദ്യുതി വിതരണം സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്നും സര്‍ക്കാരിന്‍റെ പിടിപ്പുകേടാണ് ഇത്തരം സ്ഥിതിവിശേഷമുണ്ടാക്കുന്നതെന്നുമായിരുന്നു മറ്റൊരാള്‍ കുറിച്ചത്. വേറെ ഒരാളാവട്ടെ, ഉറക്കമല്ലേ, കുറച്ച് നേരം സമാധാനത്തോടെ കിടക്കട്ടെ എന്നായിരുന്നു പ്രതികരിച്ചത്.