Image: x/sachingupta/up

ഐസ്ക്രീമില്‍ നിന്ന് ചത്ത പഴുതാരയെ കിട്ടിയതായി പരാതി. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. മുംബൈ സ്വദേശിക്ക് ഐസ്ക്രീമില്‍ നിന്നും മനുഷ്യവിരല്‍ കിട്ടിയതിന് പിന്നാലെയാണ് സ്റ്റഫ് ചെയ്ത 'പഴുതാര'യുടെ വാര്‍ത്തയും പുറത്ത് വരുന്നത്. ശനിയാഴ്ച രാവിലെയാണ് വനില ഐസ്ക്രീം വാങ്ങിയ യുവതിക്ക് അതിനുള്ളില്‍ നിന്നും ചത്ത പഴുതാരയെ ലഭിച്ചത്.

പ്രമുഖ കമ്പനിയുടെ ഐസ്ക്രീമില്‍ നിന്നാണ് ദീപ വേലിയെന്ന യുവതിക്ക് ചത്ത പഴുതാരയെ കിട്ടിയത്. മാംഗോ ഷേക്ക് ഉണ്ടാക്കുന്നതിനായി 195 രൂപ വിലവരുന്ന വനില മാജിക് ടബ് ഇ–കൊമേഴ്സ് സ്റ്റോറായ ബ്ലിങ്കിറ്റ് വഴി ദീപ ഓര്‍ഡര്‍ ചെയ്യുകയായിരുന്നു. ഐസ്ക്രീം ബോക്സ് തുറന്നതും കറുത്ത എന്തോ തണുത്തുറഞ്ഞിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ തണുപ്പ് മാറ്റി നോക്കി. തുടര്‍ന്നാണ് ചത്ത പഴുതാരയാണെന്ന് തിരിച്ചറിഞ്ഞത്. നോക്കാതെ ഐസ്ക്രീം ഉപയോഗിച്ചിരുന്നുവെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്ന് അവര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഐസ്ക്രീം ബോക്സ് തുറക്കുന്നത് മുതലുള്ള കാര്യങ്ങള്‍ വിഡിയോയില്‍ ചിത്രീകരിച്ച യുവതി ഇത് സമൂഹമാധ്യമങ്ങളിലും പങ്കുവച്ചു. ഏപ്രില്‍ 15 2024 ന് നിര്‍മിച്ചുവെന്നാണ് ഐസ്ക്രീം ടബിന്‍റെ പുറത്ത് എഴുതിയിരിക്കുന്നത്. ഒരു വര്‍ഷമാണ് കാലാവധി നല്‍കിയിരിക്കുന്നത്. വിഡിയോ സഹിതം പരാതിപ്പെട്ടതോടെ ബ്ലിങ്കിറ്റ് പണം ദീപയ്ക്ക് തിരികെ നല്‍കി. ബന്ധപ്പെട്ട കമ്പനിയെ ഇത് സംബന്ധിച്ച വിവരം അറിയിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. വിഡിയോ വൈറലായതിന് പിന്നാലെ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ ദീപയെ ബന്ധപ്പെടുകയായിരുന്നു. ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പരിശോധനയ്ക്കായി സാംപിള്‍ ലബോറട്ടറിയിലേക്ക് കൈമാറിയെന്നും ഫലം വരുന്നതനുസരിച്ച് മറ്റ് നടപടികളിലേക്ക് കടക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

ജൂണ്‍ പതിമൂന്നിനാണ് മലാഡില്‍ നിന്നുള്ള ഡോക്ടര്‍ക്ക് ഐസ്ക്രീമില്‍ നിന്നും മനുഷ്യവിരല്‍ ലഭിച്ചത്. യമ്മോ ഐസ്ക്രീമില്‍ നിന്നായിരുന്നു വിരല്‍ കിട്ടിയത്. മേയ് 11ന് പാക്ക് ചെയ്ത ഐസ്ക്രീം 2025 മേയ് 10 വരെ കാലാവധിയുമുള്ളതായിരുന്നു. അടിക്കടിയുണ്ടാകുന്ന ഇത്തരം കാര്യങ്ങള്‍ ഗൗരവമായി കാണുന്നുവെന്നും ഉചിതമായ നടപടി ഉണ്ടാകുമെന്നും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

Dead centipede found in ice cream bought online in Noida. Food safety officers issued notice.