രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിലേക്ക് ബോംബ് ഭീഷണി. ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലടക്കമാണ് സന്ദേശങ്ങള്‍ ലഭിച്ചത്. ഇതോടെ വിമാന സര്‍വീസുകള്‍ വൈകി. ഭീഷണി കണക്കിലെടുത്ത് വിമാനത്താവളങ്ങളിലെയും പരിസര പ്രദേശങ്ങളിലെയും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ ഡൽഹിയില്‍ നിന്ന് ദുബായിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഇമെയിൽ ഭീഷണി ലഭിച്ചു. പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. ഇന്ന് ഉച്ചയ്ക്ക് 12.40 ഓടെ 40 വിമാനത്താവളങ്ങളിലേക്ക് അജ്ഞാതൻ ഇതേ ബോംബ് ഭീഷണി അയച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ബോംബ് ഭീഷണിയെത്തുടർന്ന് ചെന്നൈ-ദുബായ് എമിറേറ്റ്‌സ് വിമാനം രണ്ട് മണിക്കൂറോളം വൈകി. രാവിലെ 9.50ന് പുറപ്പെടേണ്ട വിമാനത്തിൽ യാത്രക്കാർ കയറിയിരുന്നില്ല. മുഴുവൻ ലഗേജുകളും പുറത്തെടുത്ത് പരിശോധിച്ചു. പിന്നാലെ കോയമ്പത്തൂർ വിമാനത്താവളത്തിലും ഭീഷണി സന്ദേശമെത്തി. ബോംബ് ഡിറ്റക്ഷൻ സ്ക്വാഡും ഡോഗ് സ്ക്വാഡും വിമാനത്താവളത്തിലും പരിസരത്തും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
പിന്നാലെ പട്‌ന വിമാനത്താവളത്തിനും ഭീഷണിയുണ്ടായി. വിശദമായ പരിശോധന തുടരുകയാണെന്ന് എയർപോർട്ട് ഡയറക്ടർ അറിയിച്ചു. ജയ്പൂർ വിമാനത്താവളത്തിലും സുരക്ഷാ പരിശോധന നടത്തി. ഇവിടെയും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്തിയിട്ടില്ല. ഭീഷണിയെത്തുടര്‍ന്ന് വഡോദര വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കി. സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
കഴിഞ്ഞയാഴ്ച ഡൽഹിയിലെ നാഷണൽ മ്യൂസിയം, റെയിൽ മ്യൂസിയം, I H B A S, V I M H A N S എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളിലും ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. ഏതാനും മാസങ്ങളായി ഡല്‍ഹിയിലെ സ്‌കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, വിമാനത്താവളങ്ങൾ എന്നിവയ്ക്കും ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചിരുന്നു.