ഭാര്യ മരിച്ച മനോവിഷമത്തില്‍ ഐ.പി.എസ് ഓഫിസര്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. അസം ആഭ്യന്തര സെക്രട്ടറിയായ ഷിലാദിത്യ ചേത്യയാണ് ഐ.സി.യുവിനുള്ളില്‍ വച്ച് ആത്മഹത്യ ചെയ്തത്. ഗുവാഹത്തിയിലെ നെംകെയര്‍ ആശുപത്രിയില്‍ വച്ച് പുലര്‍ച്ചെ 4.25 ഓടെയാണ് ചേത്യയുടെ ഭാര്യ അഗമണി ബോര്‍ബറുവ മരിച്ചത്. കാന്‍സര്‍ ബാധിതയായിരുന്നു. പിന്നാലെ ഐ.സി.യുവില്‍ കയറിയ ചേത്യ, ഭാര്യയ്ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നതിനായി സ്വകാര്യത അനുവദിക്കണമെന്ന് ഡ്യൂട്ടി സ്റ്റാഫിനോട് അഭ്യര്‍ഥിച്ചു. അവര്‍ പുറത്തേക്കിറങ്ങിയതിന് പിന്നാലെയായിരുന്നു സര്‍വീസ് റിവോള്‍വറെടുത്ത് സ്വയം വെടിയുതിര്‍ത്തത്. വെടിയുതിര്‍ക്കുന്ന ശബ്ദം കേട്ട് ആശുപത്രി ജീവനക്കാര്‍ ഓടിയെത്തിയെങ്കിലും ചേത്യയുടെ ജീവന്‍ രക്ഷിക്കാനായില്ല.
രണ്ടുവര്‍ഷമായി ചേത്യയുടെ ഭാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. നില വഷളാകുന്ന വിവരം ചേത്യയെ മൂന്ന് ദിവസം മുന്‍പ് അറിയിച്ചിരുന്നുവെന്നും അന്ന് അദ്ദേഹം എല്ലാം നിശബ്ദനായി കേട്ടിരുന്നുവെന്നും ആശുപത്രി ജീവനക്കാര്‍ പറയുന്നു. 2013 മേയ് 13നാണ് ഇരുവരും വിവാഹിതരായത്.
മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ മെഡല്‍ നേടിയിട്ടുള്ള ഉദ്യോഗസ്ഥന്‍ കൂടിയാണ് ചേത്യ. ചേത്യയുടെ അമ്മയും ഭാര്യയുടെ അമ്മയും അടുത്തയിടെയാണ് മരിച്ചത്. അടുപ്പിച്ചുള്ള മൂന്ന് മരണങ്ങള്‍ അദ്ദേഹത്തെ ഉലച്ചതാവാം ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.