മുംബൈ മലാഡ് സ്വദേശിക്ക് ഐസ്ക്രീമില്‍ നിന്ന് മനുഷ്യ വിരല്‍ ലഭിച്ച സംഭവത്തില്‍ നിര്‍ണായക വിവരവുമായി പൊലീസ്. 'യമ്മോ' ഐസ്ക്രീമിന്റെ പുണെ ഫാക്ടറിയിലെ ജീവനക്കാരന്‍റേതാണ് ഐസ്ക്രീമില്‍ കണ്ടെത്തിയ വിരല്‍ എന്നാണ് പൊലീസ് പറയുന്നത്. ഐസ്ക്രീമില്‍ വിരല്‍ കണ്ടെത്തിയ സംഭവം വിവാദമായതോടെയാണ് ഫാക്ടറിയില്‍ പൊലീസ് വിശദമായ പരിശോധന നടത്തിയത്. ഇതോടെ കൈവിരലിന് സാരമായി പരുക്കേറ്റ ജീവനക്കാരനെ കണ്ടെത്തുകയായിരുന്നു. വിരല്‍ ജീവനക്കാരന്‍റേത് തന്നെയാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി ഡി.എന്‍.എ പരിശോധന നടത്തുമെന്നും ഇതിനായി സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
വൃത്തിഹീനവും സുരക്ഷിതമല്ലാത്തതുമായ സാഹചര്യങ്ങളില്‍ ഐസ്ക്രീം നിര്‍മിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് 'യമ്മോ ഐസ്ക്രീ'മിന്‍റെ ലൈസന്‍സ് ഭക്ഷ്യസുരക്ഷ അതോറിറ്റി റദ്ദാക്കിയിരുന്നു. വിശദമായ പരിശോധന കമ്പനിയിലും പരിസര പ്രദേശത്തും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ നടത്തുകയും ചെയ്തിരുന്നു.
മലാഡ് സ്വദേശിയായ ഡോക്ടര്‍ ബ്രെന്‍ഡന്‍ ഫെറോ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഐസ്ക്രീമിലാണ് വിരല്‍ കണ്ടെത്തിയത്. ഐസ്ക്രീം പാത്രത്തിലേക്ക് എടുക്കുന്നതിനിടെയാണ് വലിയൊരു കഷ്ണം കിടക്കുന്നത് കണ്ടത്. അണ്ടിപ്പരിപ്പോ മറ്റോ ആകുമെന്നാണ് ഫെറോ ആദ്യം വിചാരിച്ചത്. പക്ഷേ പതിവിലും നീളം തോന്നിയതോടെ വശങ്ങളില്‍ നിന്നും ഐസ്ക്രീം നീക്കി നോക്കുകയായിരുന്നു. നഖത്തോട് കൂടിയ വിരല്‍ കണ്ട ഫെറോ നടുങ്ങി. എന്തോ ഭാഗ്യത്തിനാണ് താന്‍ നേരെ ഐസ്ക്രീം കോരി കഴിക്കാതിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
അതേസമയം, നേരിട്ടുണ്ടാക്കിയ ഐസ്ക്രീം അല്ല ഇതെന്നും ഇടനിലക്കാരന്‍ വഴി ശേഖരിച്ചതാണെന്നുമാണ് കമ്പനിയുടെ വിശദീകരണം. ഇവിടെ നിന്നുള്ള ഐസ്ക്രീം ഉത്പാദനം നിര്‍ത്തിയെന്നും കമ്പനി വ്യക്തമാക്കി.