നിര്‍മാണത്തിലിരിക്കുന്നതോ ഉപയോഗത്തിലുള്ളതോ ആയ പാലങ്ങള്‍ തകരുമ്പോള്‍ ചോദ്യങ്ങള്‍ ഒരുപാടുയരാറുണ്ട്. നിര്‍മാണത്തിന്‍റെ നിലവാരം മുതല്‍ അഴിമതി വരെ ചര്‍ച്ച ചെയ്യപ്പെടും. എന്നാല്‍ ഒരേ സംസ്ഥാനത്ത് പാലങ്ങള്‍ കൂട്ടമായി തകര്‍ന്നു വീഴാന്‍ തുടങ്ങിയാലോ? ആരെ പഴിചാരും? ബിഹാറില്‍ കഴിഞ്ഞ 11 ദിവസത്തിനിടെ തകര്‍ന്നു വീണത് അഞ്ച് പാലങ്ങളാണ്.
ഏറ്റവും ഒടുവില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത് ബിഹാറിലെ മധുബനിയിലാണ്. ബുതാഹി നദിയില്‍ നിര്‍മാണത്തിലിരുന്ന പാലമാണ് വെള്ളിയാഴ്ച തകര്‍ന്നു വീണത്. 2021ല്‍ ആരംഭിച്ച പാലത്തിന്‍റെ നിര്‍മാണം മൂന്നുവര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയായിരുന്നില്ല. ബിഹാര്‍ സര്‍ക്കാറിന്‍റെ ഗ്രാമീണ വികസന വകുപ്പിന്‍റെ കീഴിയില്‍ മൂന്നുകോടി ചിലവിലാണ് പാലം പണിതുകൊണ്ടിരുന്നത്. നദിയിലെ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് തൂണ് തകര്‍ന്നാണ് പാലം നദിയില്‍ പതിച്ചത്. അതേസമയം തകര്‍ന്ന തൂണിന്‍റെ ഭാഗങ്ങള്‍ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മൂടിയിട്ടത് പൊതുജനങ്ങൾ അറിയാതിരിക്കാനാണെന്നും വിമര്‍ശനമുണ്ട്.
വ്യാഴാഴ്ച കിഷന്‍ഗഞ്ച് ജില്ലയിലും പാലം തകര്‍ന്നിരുന്നു. ബഹദുര്‍ഗഞ്ച് ബ്ലോക്കിലാണ് കനത്ത മഴയെ തുടര്‍ന്ന് 70 മീറ്റര്‍ നീളമുള്ള പാലം തകര്‍ന്നത്. മഴയില്‍ നദിയിലെ വെള്ളം പെട്ടെന്ന് ഉയരുകും പാലത്തിന്‍റെ തൂണുകളില്‍ ഒന്ന് തകര്‍ന്ന് വീഴുകയുമായിരുന്നു.
കഴിഞ്ഞ ആഴ്ച സമാനരീതിയില്‍ മറ്റ് മൂന്നു പാലങ്ങളും ബിഹാറില്‍ തകര്‍ന്നിരുന്നു. ഈസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ നിര്‍മാണത്തിലിരുന്ന പാലം ജൂണ്‍ 23 ന് തകര്‍ന്നു. ജൂണ്‍ 22 ന് സിവാനിലെ ഗണ്ഡക് കനാലിന് കുറുകെയുള്ള 40 വര്‍ഷത്തില്‍ അധികം വര്‍ഷം പഴക്കമുള്ള പാലമാണ് തകര്‍ന്നത്. ജൂണ്‍ 19ന് അരാരിയയില്‍ ബക്ര നദിക്ക് കുറുകെ 12 കോടി രൂപ ചിലവില്‍ നിര്‍മിച്ച പാലവും നിലംപതിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കെടുത്താല്‍ ഈ എണ്ണം വീണ്ടും വര്‍ധിക്കുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് പാലം നിര്‍മാണത്തിന് ഉപയോഗിച്ച സാധനങ്ങളുചെ ഗുണമേന്മയേയും സാങ്കേതികവിദ്യയുടെ നിലവാരത്തെയും വീണ്ടും ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. നിര്‍മാണത്തിലെ അഴിമതി ആരോപണങ്ങളും കുറവല്ല. അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും, അപകടങ്ങളില്‍ ആശങ്കാകുലരാണ് സമീപവാസികള്‍. പാലം നിര്‍മണത്തിന് നിലവാരമില്ലാത്ത വസ്തുക്കളാണ് ഉപയോഗിക്കുന്നതെന്നാണ് നാട്ടുകാരുെട ആരോപണം.