monu-uttarakhand

ജൂണ്‍ 25 ന് ഡെറാഡൂണ്‍ പൊലീസ് ആസ്ഥാനത്ത് ഇരുപത്തഞ്ചുകാരനായ ഒരു യുവാവെത്തി. സ്വന്തം വീടുകണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചു. അച്ഛന്് പലചരക്ക് കടയായിരുന്നെന്നും മൂന്ന് സഹോദരിമാരുണ്ടായിരുന്നെന്നും ഓര്‍ത്തെടുത്തു പറഞ്ഞു. വീടോ സ്ഥലമോ അറിയില്ല. എന്തിന് സ്വന്തം പേരുപോലും മറന്നിരുന്നു. ഒന്‍പതു വയസ്സുള്ളപ്പോള്‍ വീട്ടിനു പുറത്ത് കളിക്കുമ്പോള്‍ ആരോ തട്ടിക്കൊണ്ടു പോയതാണ്. രാജസ്ഥാനിലെ ഏതോ സ്ഥലത്തെത്തിച്ചു.  രാജു എന്ന് വിളിച്ചു. ആടുകളെ വളര്‍ത്തുന്ന ജോലിയിലായിരുന്നു അന്നുമുതല്‍. ക്രൂരമര്‍ദനവും അപമാനങ്ങളും നേരിട്ട് ജീവിതം. ആടുകളുടെ ലോകത്ത് ബാല്യം പിന്നിട്ട് യൗവനത്തിലേക്ക് കടന്നു. പഴയ ഓര്‍മകള്‍ മങ്ങിത്തുടങ്ങിയിരുന്നു.

രക്ഷപ്പെടാന്‍ പല ശ്രമങ്ങളും നടത്തി. എല്ലാം പരാജയപ്പെട്ടു. അത്രയ്ക്ക് ഉള്‍നാട്ടിലായിരുന്നു സങ്കേതം. ഒടുവില്‍ അജ്ഞാതനായ ഒരു ട്രക്ക് ഡ്രൈവര്‍ രക്ഷകനായെത്തി. ആടുകളെ വാങ്ങാന്‍ ഡെറാഡൂണില്‍ നിന്ന് വന്നതായിരുന്നു അദ്ദേഹം. രാജു അയാളോട് തന്‍റെ കഥ പറഞ്ഞു. വണ്ടിയിലൊളിപ്പിച്ച് ആ ഡ്രൈവറാണ് ഡല്‍ഹിയിലെത്തിച്ചത്. ഡെറാഡൂണിലേക്കുള്ള ട്രെയിനില്‍ കയറ്റിവിട്ടു. പൊലീസ് ആസ്ഥാനത്തെത്താനുള്ള വഴിയെഴുതിയ കുറിപ്പ് നല്‍കിയതും ആ ഡ്രൈവറാണ്.

dehradun-police

പൊലീസ് സ്റ്റേഷനുകള്‍ വഴിയും മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കിയും പൊലീസ് അന്വേഷണം തുടങ്ങി. ഒടുവില്‍ ജൂലൈ ഒന്നിന് ആശ ശര്‍മ എന്ന സ്ത്രീ പൊലീസ് ആസ്ഥാനത്തെത്തി. ബഞ്ചാരവാലയിലെ കപില്‍ ദേവ് ശര്‍മയുടെ ഭാര്യ. 2008 ല്‍ നഷ്ടമായ തന്‍റെ മകന്‍ മോനുവാണോ ഈ യുവാവ് എന്നായിരുന്നു ആ അമ്മയ്ക്കറിയേണ്ടിയിരുന്നത്. കാണാതായ മകനെ ഉത്തരാഖണ്ഡിലും യുപിയിലും വര്‍ഷങ്ങളായി അന്വേഷിച്ച് തളര്‍ന്നിരുന്നു ഈ അമ്മ.

യുവാവിനെ പൊലീസ് ആശയ്ക്കു മുന്നിലെത്തിച്ചു. പക്ഷേ മകന് അമ്മയെ തിരിച്ചറിയാനായില്ല. 9 വയസ്സിനു മുന്‍പ് വീട്ടില്‍ നടന്ന സംഭവങ്ങളും മകന്‍റെ പഴയ കഥകളും അമ്മ ഓരോന്നായി പറഞ്ഞു. മോനുവിന്‍റെ ഓര്‍മകളില്‍ വീടും നാടും അമ്മയും അച്ഛനും തെളിഞ്ഞു വന്നു. അമ്മയ്ക്ക് പഴയ മോനുവിനെ തിരിച്ചു കിട്ടി. ട്രക്ക് ഡ്രൈവര്‍ക്കും ഉത്തരാഖണ്ഡ് പൊലീസിനും നന്ദിപറഞ്ഞ്  നഷ്ടപ്പെട്ടെന്ന് കരുതിയ ജീവിതത്തിലേക്ക് മടങ്ങുകയാണ് മോനു.

ENGLISH SUMMARY:

Monu Sharma, a 25-year-old man, abducted at age nine was reunited with his family in Dehradun after 16 years of goat rearing in Rajasthan.