ബെംഗളൂരു പോലെ തിരക്കേറിയ നഗരത്തില്‍ കൃഷി സാധ്യമാണോയെന്നു ചോദിച്ചാല്‍ സ്വപ്നം കാണാമെന്നായിരിക്കും പലരുടേയും മറുപടി. മനസുണ്ടേല്‍ ഏതു മെട്രോ നഗരത്തിലും കൃഷിയിലൂടെ വരുമാനം ഉറപ്പിക്കാമെന്നാണ് ബെംഗളൂരുവിലെ വ്യവസായിയായ എം.ജെ ബാബു പറയുന്നത്.
കഗദാസപുരയിലെ ബാബുവിന്‍റെ മൂന്നുനില വീടിന്‍റെ മട്ടുപ്പാവിനിപ്പോള്‍ പച്ചപ്പാണ്. കത്തുന്ന വെയിലിലും വെട്ടിത്തിളങ്ങുന്ന കള്ളിമുള്‍ചെടിയുടെ പച്ചപ്പ്. ഏകമകന്‍ ഷിബിന്‍ മൂന്നര വര്‍ഷം മുന്‍പ് അപകടത്തില്‍ മരിച്ചതോടെയാണ് അങ്കമാലിക്കാരന്‍ ബാബുവും ഭാര്യ ടെസ്സിയും ചെടികള്‍ക്ക് മനസു കൊടുത്തത്. പലതരം പരീക്ഷണങ്ങളിലൂടെയാണ് ഇവര്‍ ഡ്രാഗണ്‍ ഫ്രൂട്ടിലേക്കെത്തിയത്.
തുടക്കത്തില്‍ മാനസിക ഉല്ലാസമായിരുന്നു ലക്ഷ്യം. പതുക്കെ ചെറിയ തോതില്‍ വരുമാനവുമെത്തി തുടങ്ങി. ഈവര്‍ഷം 80 ചെടികളില്‍ നിന്നായി 60 കിലോയാണ് ഇതുവരെ വിളവെടുത്തത്. സമൂഹ മാധ്യമങ്ങള്‍ വഴിയും അടുപ്പക്കാര്‍ വഴിയുമാണു വില്‍പന. കള്ളിമുള്‍ചെടി ഇനത്തില്‍ പെട്ട ഡ്രാഗന്‍ ഫ്രൂട്ടിനു കാര്യമായ പരിചരണം വേണ്ടെന്നാണു ബാബുവും ഭാര്യയും പറയുന്നത്. പോരാത്തതിനു കത്തുന്ന വെയിലുണ്ടെങ്കില്‍ നല്ല വിളവുണ്ടാകും. അതായത് നഗരങ്ങളിലെ ടെറസ് കൃഷിക്ക് ഏറെ അനുയോജ്യമാണ് ഡ്രാഗണ്‍ ഫ്രൂട്ടെന്ന് ഉറപ്പിച്ച് പറയുകയാണ് ബാബു. തണ്ടുകള്‍ക്ക് ആവശ്യക്കാരെറെയന്നതിനാല്‍ ആ നിലയ്ക്കും വരുമാനം ഉറപ്പിക്കാനാവുന്നു.