ബി.എസ്.പി തമിഴ്നാട് അധ്യക്ഷൻ കെ.ആംസ്ട്രോങിന്റെ കൊലപാതകത്തിൽ ചെന്നൈയില്‍ വ്യാപക പ്രതിഷേധം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ഗതാഗതം സ്തംഭിപ്പിച്ചു. എട്ടംഗ അക്രമി സംഘത്തെ അറസ്റ്റ് ചെയ്ത പൊലീസ്, കൊലയ്ക്ക് പിന്നില്‍ ഗുണ്ടാപ്പകയാണെന്ന് പറഞ്ഞു.  മായാവതി, രാഹുൽഗാന്ധി, എം.കെ സ്റ്റാലിൻ തുടങ്ങിയവര്‍ കൊലപാതകത്തിൽ നടുക്കം രേഖപ്പെടുത്തി.

ഇന്നലെ വൈകിട്ടാണ് ബിഎസ്പി സംസ്ഥാന അധ്യക്ഷൻ കെ.ആംസ്ട്രോങിനെ വെട്ടി കൊലപ്പെടുത്തുന്നത്. ഡെലിവറി ബോയ്സിന്റെ വേഷത്തിൽ എത്തിയ സംഘം മണിക്കൂറുകളോളം പിന്തുടർന്നശേഷമാണ് ആക്രമണം നടത്തിയത്. ആശുപത്രി എത്തിച്ച ആoസ്ട്രോങ് മരിച്ചു.  ഇതിനിടെ അക്രമിസംഘം പോലീസിനു മുന്നിൽ കീഴടങ്ങുകയായിരുന്നു. 

ഒരു വര്‍ഷം മുമ്പ് കൊല്ലപ്പെട്ട ആര്‍ക്കോട്ട് സുരേഷ് എന്ന ഗുണ്ടയുടെ സഹോദരൻ ഉൾപ്പെടെയാണ് അറസ്റ്റിലായത്. പോസ്റ്റുമോർട്ടത്തിനായി രാവിലെ രാജീവ് ഗാന്ധി മെഡിക്കൽ കോളജിലേക്ക് എത്തിച്ചതോടെയാണ് പ്രതിഷേധം കനത്തത്. ഹൈക്കോടതി മെഡിക്കൽ കോളേജ്–ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന റോഡ് പ്രവർത്തകർ ഉപരോധിച്ചു. ഗുണ്ടാപ്പക അല്ല , രാഷ്ട്രീയ ആക്രമണം ആണെന്നും, അറസ്റ്റിലായത് ഡമ്മി പ്രതികളൊന്നും  ആരോപിച്ചായിരുന്നു പ്രതിഷേധം.

സംസ്ഥാന ബഹുമതികളോടെ സംസ്കാരം നടത്തണമെന്നും സിബിഐ അന്വേഷണം വേണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു. നഗരം സ്തംഭിച്ചതോടെ ബലമായി അറസ്റ്റ് ചെയ്തു നീക്കി. സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.  അതിനിടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായെങ്കിലും സംസ്കാരം നാളത്തേക്ക് മാറ്റി.  ബിഎസ്പി നേതാവ് മായാവതി അന്തിമോപചാരമർപ്പിക്കാൻ നാളെ ചെന്നൈയിലെത്തും. 

ENGLISH SUMMARY:

BSP Tamil Nadu president Armstrong was reportedly hacked to death on Friday by six unidentified perpetrators near his residence in Chennai's Perambur. Eight arrested by police.