രാമനഗര ജില്ലയുടെ പേര് മാറ്റി ബെംഗളൂരു സൗത്ത് എന്നാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഇക്കാര്യത്തിൽ അപേക്ഷയുമായി ഡി.കെ. ശിവകുമാറിൻറെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് നിവേദനം നൽകി. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ രാമനഗര ജില്ലയുടെ പേരുമാറ്റം ശുപാർശ ചെയ്തതായി മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു. പേരുമാറ്റിയാൽ മരണം വരെ നിരാഹാരമെന്നാണ് കുമാരസ്വാമി വ്യക്തമാക്കിയത്.
എന്തിനാണ് പേരുമാറ്റം
രാമനഗര, ചന്നപട്ടണ, മഗഡി, കനകാപുര, ഹരോഹള്ളി താലൂക്കുകളുടെ വികസനം ലക്ഷ്യമിട്ടാണ് പേരുമാറ്റം ആവശ്യപ്പെടുന്നതെന്ന് ഡികെ ശിവകുമാർ പറഞ്ഞു. 'ബെംഗളൂരുവിനെ മറ്റിടങ്ങളിലേക്ക് കൂടി വളർത്താൻ ലക്ഷ്യമിട്ടുള്ളതാണ് പേരുമാറ്റം. പേരുമാറ്റുന്നത് ജില്ലയിലേക്ക് കൂടുതൽ വികസനം കൊണ്ടുവരും. ഭൂമിക്ക് വില ഉയർത്തും. ബെംഗളൂരുവിന് ഇനി വളരാനുള്ളത് രാമനഗര, തുംകൂർ ഭാഗങ്ങളിലേക്കാണ്' ഉപമുഖ്യമന്ത്രി വിശദമാക്കി. പേരുമാറ്റുന്നതിലൂടെ രാമനഗര ജില്ലയുടെ ഭൂമിശാസ്ത്രപരമായ അതിരുകളിൽ മാറ്റം വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ദൊഡ്ഡബല്ലാപൂർ, ദേവനഹള്ളി, ഹോസ്‌കോട്ട്, കനകപുര, രാമനഗര, ചന്നപട്ടണ, മഗഡി എന്നിവിടങ്ങളിൽ നിന്നുള്ളവർ ബെംഗളൂരുകാരാണ്. ഭരണപരമായ സൗകര്യത്തിന് വേണ്ടിയാണ് ബെംഗളൂരു അർബൻ ജില്ലയെ ബെംഗളൂരു റൂറൽ, രാമനഗര എന്നിങ്ങനെ വിഭജിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
2007 ൽ എച്ച്.ഡി കുമാരസ്വാമി കർണാടക മുഖ്യമന്ത്രിയായിരുന്ന സമയത്താണ് രാമനഗര ജില്ല സ്ഥാപിച്ചത്. പേരുമാറ്റവുമായി മുന്നോട്ട് പോയാൽ മരണം വരെ നിരാഹാരമിരിക്കുമെന്നാണ് കുമാരസ്വാമി വ്യക്തമാക്കിയിരുന്നു. 2023 ലും ഡികെ ശിവകുമാർ പേരുമാറ്റത്തിനായി വാദിച്ചിരുന്നു. അന്ന് റിയൽ എസ്റ്റേറ്റ് താൽപര്യം എന്നാരോപിച്ച് ബിജെപിയും ജെഡിഎസും നീക്കത്തെ എതിർത്തിരുന്നു. കുമാരസ്വാമി കേന്ദ്രമന്ത്രിയായതോടെ ഒഴിവ് വരുന്ന ചന്നപട്ടണ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഡി.കെ. ശിവകുമാർ പേരുമാറ്റം ഉയർത്തുന്നത്.