കശ്മീരിലെ കത്വയില്‍ സൈനികരെ ലക്ഷ്യമിട്ട ഭീകരര്‍ ദിവസങ്ങള്‍ക്ക് മുന്‍പേ ഒളിവില്‍ കഴിഞ്ഞതായി സുരക്ഷാസേന. സ്ത്രീകളെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ഭീകരര്‍ ഭക്ഷണം പാകം ചെയ്യിപ്പിച്ചെന്നും വിവരം. അതിനിടെ, ഭീകരരെ നേരിടാന്‍ വഴിതേടി വിവിധ സുരക്ഷാ ഏജന്‍സികള്‍ ജമ്മു കശ്മീരില്‍ വീണ്ടും യോഗം ചേര്‍ന്നു.
കഴിഞ്ഞ തിങ്കളാഴ്ച അഞ്ച് സൈനികരുടെ വീരമൃത്യുവിനിടയാക്കിയ ഭീകരാക്രണത്തിന്‍റെ ആസൂത്രണം മാസങ്ങള്‍ക്ക് മുന്‍പേ തുടങ്ങി. സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകള്‍ കണ്ടെത്തി ഒളിവില്‍ പാര്‍ത്താണ് ഭീകരര്‍ സൈനികരെ നിരീക്ഷിച്ചത്. രണ്ട് സംഘമായി പത്തിലേറെ ഭീകരര്‍ കത്വയിലെത്തിയെന്നാണ് വിവരം. നാട്ടുകാരായ ചിലരുടെ സഹായവും ലഭിച്ചു. സൈനികരുടെ വാഹന വ്യൂഹത്തിന് മുന്‍പില്‍ സഞ്ചരിച്ച ടിപ്പര്‍ ഡ്രൈവര്‍ക്ക് ഭീകരാക്രമണത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നാണ് സൂചന. കരസേനയും പൊലീസും കസ്റ്റഡിയിലെടുത്ത നാട്ടുകാരുടെ എണ്ണം ടിപ്പര്‍ ഡ്രൈവറടക്കം അന്‍പതായി ഉയര്‍ന്നു. ഭീകരാക്രമണത്തിന് പിന്നാലെ സൈനികരുടെ ആയുധങ്ങള്‍ കവരാനും ശ്രമമുണ്ടായി. ആക്രമണത്തിന്‍റെ ദൃശ്യങ്ങളും ക്യാമറയില്‍ പകര്‍ത്തി. സാംബ, ദോഡ എന്നിവിടങ്ങളില്‍ ഭീകരര്‍ തുരങ്കങ്ങള്‍ നിര്‍മിച്ചിട്ടുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അവിടെയും തിരച്ചില്‍ തുടരുകയാണ്. ഉധംപൂരില്‍ ഇന്നലെ രാത്രി ഭീകരരെന്ന് സംശയിക്കുന്നവര്‍ക്കുനേരെ പൊലീസ് വെടിയുതിര്‍ത്തിരുന്നു. അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാന്‍ വിവിധ സുരക്ഷാ ഏജന്‍സികള്‍ ജമ്മു കശ്മീരില്‍ വീണ്ടും യോഗം ചേര്‍ന്നു. ശക്തമായ തിരിച്ചടിക്ക് കരസേന ജമ്മു കശ്മീരിലെ 10 ജില്ലകളില്‍ ദ്രുത പ്രതികരണ സേനയുടെ 37 സംഘത്തെ തയാറാക്കി.