അതിർത്തി വഴിയുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം തടയാൻ മാർഗങ്ങൾ തേടി സുരക്ഷാ സേന. ജമ്മു കശ്മീരിലെയും പഞ്ചാബിലെയും ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗം കത്വയിൽവച്ച് ചേർന്നു. അതിനിടെ കത്വയിൽ സൈനികരെ ലക്ഷ്യമിട്ട ഭീകരര്‍ ദിവസങ്ങള്‍ക്ക് മുന്‍പേയെത്തി ഒളിവില്‍ കഴിഞ്ഞതായി കണ്ടെത്തി.
ജമ്മു കശ്മീർ- പഞ്ചാബ് ഡിജിപിമാർ, ബിഎസ്എഫിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത സംയുക്ത യോഗമാണ് ഭീകരാക്രമണമുണ്ടായ കത്വയിൽവച്ച് ചേർന്നത്. സ്വദേശികളും വിദേശികളുമായ ഭീകരർ ഉൾപ്പെട്ട ഭീകരാക്രമണമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജമ്മു കശ്മീരിൽ ഉണ്ടാകുന്നത്, പാക് ഭീകരർ നിയന്ത്രണരേഖ മറികടന്ന് എത്തുന്നത് തടയാൻ രാജ്യാന്തര അതിർത്തികളിൽ അതീവ ജാഗ്രത പുലർത്താൻ യോഗത്തിൽ തീരുമാനമായി. കത്വയിൽ കഴിഞ്ഞ തിങ്കളാഴ്ച അഞ്ച് സൈനികരുടെ വീരമൃത്യുവിനിടയാക്കിയ ഭീകരാക്രണത്തിന്‍റെ ആസൂത്രണം മാസങ്ങള്‍ക്ക് മുന്‍പേ തുടങ്ങി. സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകള്‍ കണ്ടെത്തി ഒളിവില്‍ പാര്‍ത്താണ് ഭീകരര്‍ സൈനികരെ നിരീക്ഷിച്ചത്. രണ്ട് സംഘമായി പത്തിലേറെ ഭീകരര്‍ കത്വയിലെത്തിയെന്നാണ് വിവരം. കസ്റ്റഡിയിലെടുത്ത പ്രദേശവാസികളെ ചോദ്യം ചെയ്ത് വരുകയാണ്.