തിങ്കളാഴ്ച രാവിലെ ബിഹാറിലെ ഖുസ്റുപുര്‍ റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ ഒരു പരാതി കിട്ടി. പുതുതായി നിയമിക്കപ്പെട്ട റൂറല്‍ ഡവലപ്മെന്‍റ് ഓഫിസര്‍ ദീപക് കുമാര്‍ പഥക്കിനെ ഒരു സംഘമാളുകള്‍ ട്രെയിനില്‍ നിന്ന് വലിച്ചിറക്കി എസ്‍യുവിയില്‍ കയറ്റിക്കൊണ്ടുപോയെന്നായിരുന്നു പരാതി. ഗയ ജില്ലയില്‍ ചുമതലയേല്‍ക്കാന്‍ പോയപ്പോഴാണ് സംഭവമെന്നും ദീപക്കിന്‍റെ അച്ഛന്‍ രാമാനന്ദ് പഥക് റെയില്‍വേ എസ്‍പി അമൃതേന്ദുശേഖര്‍ താക്കുറിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.
‘രാവിലെ മകന്‍ പൂര്‍ണിയ–ഹാത്തിയ കോസി എക്സ്പ്രസില്‍ കയറി. ഒന്‍പതരയോടെ ട്രെയിന്‍ ഖുസ്റുപുര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ ആയുധധാരികളായ നാലുപേര്‍ കയറി ദീപക്കിനെ വലിച്ചിറക്കി കൊണ്ടുപോയി. ഏതോ വിധത്തില്‍ മൊബൈല്‍ ഫോണില്‍ വീട്ടിലേക്ക് വിളിച്ച ദീപക് തന്നെ തട്ടിക്കൊണ്ടുപോയെന്ന് അറിയിച്ചു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയി’. വിട്ടയ്യ്ക്കാന്‍ മൂന്നുലക്ഷം രൂപ നല്‍കണമെന്ന് സംഘം ആവശ്യപ്പെട്ടതായി ദീപക് പറഞ്ഞെന്നും രാമാനന്ദ് പഥക് പൊലീസിനെ അറിയിച്ചു.
ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, അതും ചുമതലയേല്‍ക്കാന്‍ പോകും വഴി തട്ടിക്കൊണ്ടുപോവുക...പൊലീസ് ഉണര്‍ന്നു. അപ്പോള്‍ത്തന്നെ കേസ് റജിസ്റ്റര്‍ ചെയ്തു. ഡപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്‍റെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ചു. ദീപക്കിനെ രക്ഷപെടുത്താന്‍ വിപുലമായ തിരച്ചില്‍ ആരംഭിച്ചു. ലോക്കല്‍ പൊലീസിന്‍റെയും സഹായം തേടി. പ്രാദേശിക ഗൂണ്ടാസംഘങ്ങളെയും ക്രിമിനലുകളെയും കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തില്‍ തിരച്ചില്‍.
അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് ഫോണ്‍ കോളുകളും മൊബൈല്‍ ടവറുകളും സിസിടിവി ക്യാമറകളും പരിശോധിച്ചു. അപ്പോഴാണ് തട്ടിക്കൊണ്ടുപോകപ്പെട്ട ദീപക് കുമാര്‍ പഥക് ഭക്തിയാര്‍പുര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയെന്ന് കണ്ടെത്തിയത്. സമീപത്തെ കടകളിലും മറ്റ് കെട്ടിടങ്ങളിലും സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചു. ലോഡ്ജുകളും ഹോട്ടലുകളും കയറിയിറങ്ങി തിരഞ്ഞു. ഒരു ഹോട്ടലിലെ വിസിറ്റര്‍ ബുക്കില്‍ തിങ്കളാഴ്ച രാവിലെ 9.30ന് ഒരു ദീപക് മൂന്നുദിവസത്തേക്ക് മുറി ബുക്ക് ചെയ്തതായി കണ്ടെത്തി. പൊലീസ് ഹോട്ടല്‍ റെയ്ഡ് ചെയ്തു. ദീപക്കിനെ കണ്ടെത്തി!
ദീപക്കിനെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിക്കൊണ്ടുപോകലിന്‍റെ യഥാര്‍ഥ ചിത്രം വെളിപ്പെട്ടത്. ബിഹാര്‍ പിഎസ്‍സി പരീക്ഷാഫലം വന്നപ്പോള്‍ അതില്‍ ദീപക് കുമാര്‍ എന്ന് പേരുള്ള ഉദ്യോഗാര്‍ഥി വിജയിച്ചിരുന്നു. ജോലി കിട്ടിയില്ലേ, എപ്പൊ കിട്ടും എന്നൊക്കെയുള്ള വീട്ടുകാരുടെയും ബന്ധുക്കളുടെയും കൂട്ടുകാരുടെയുമൊക്കെ ചോദ്യങ്ങള്‍ കേട്ടുമടുത്തിരുന്ന കഥാനായകന് അപ്പോള്‍ തോന്നിയ (കു)ബുദ്ധിയാണ് പിന്നീട് നടന്നതിനെല്ലാം കാരണം. റിസള്‍ട്ട് വന്ന പേപ്പര്‍ എടുത്ത് തനിക്ക് ജോലി കിട്ടിയെന്ന് ദീപക് വീട്ടുകാരോടും കൂട്ടുകാരോടുമൊക്കെ പറഞ്ഞു.
ഗയയില്‍ റൂറല്‍ ഡവലപ്മെന്‍റെ ഓഫിസറായി ജോലി കിട്ടിയെന്നാണ് ദീപക് അവകാശപ്പെട്ടത്. ഇതിനുള്ള പരിശീലനത്തിന് ജോയിന്‍ ചെയ്യാന്‍ ഗയയിലേക്ക് പോകണം. അതിനാണ് കോസി എക്സ്പ്രസില്‍ കയറിയത്. പക്ഷേ ട്രെയിനിങ് കഴിഞ്ഞാല്‍ എന്തുപറയും എന്നോര്‍ത്തപ്പോള്‍ മറ്റൊരു കള്ളം പറയാന്‍ തീരുമാനിച്ചു. ട്രെയിനിങ്ങിന് പോകും വഴി തന്നെ ഗൂണ്ടാസംഘം തട്ടിക്കൊണ്ടുപോകുന്നു. അങ്ങനെ ട്രെയിനിങ് മുടങ്ങുന്നു, ജോലിക്ക് ചേരാന്‍ കഴിയാതെ തിരിച്ചുവരുന്നു. എത്ര മനോഹരമായ കഥ! പക്ഷേ ഇതൊക്കെ ആളുകള്‍ വിശ്വസിക്കുമോ എന്ന് ചിന്തിക്കാനുള്ള ബുദ്ധി ദീപക്കിനില്ലാതെ പോയി. അങ്ങനെ സംഗതി നാറ്റക്കേസായി.