agumbe-king-cobra

12 അടി നീളം, തലയുയര്‍ത്തിയുള്ള ഒറ്റ നോട്ടം! അതുമതി നിന്നനില്‍പ്പില്‍ ആരും വിറച്ചുപോകാന്‍; കര്‍ണാടകയിലെ അഗുംബെയില്‍ കൂറ്റന്‍ രാജവെമ്പാലയെ തെല്ലും കൂസാതെ പിടികൂടി വനത്തിലേക്ക് വിടുന്ന പാമ്പുപിടുത്തക്കാരുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. അഗുംബെ റെയിൻഫോറസ്റ്റ് റിസർച്ച് സ്റ്റേഷനിലെ (എആർആർഎസ്) ഫീൽഡ് ഡയറക്ടർ അജയ് ഗിരിയാണ് വിഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെ പങ്കിട്ടത്. പിന്നാലെ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദയും വിഡിയോ പങ്കിടുകയായിരുന്നു.

അജയ് ഗിരിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍‌ പറയുന്നത് പ്രകാരം, റോഡു മുറിച്ചു കടക്കുന്നതിനിടെയാണ് കൂറ്റന്‍‌ രാജവെമ്പാലയെ നാട്ടുകാരുടെ ശ്രദ്ധയില്‍പെടുന്നത്. റോഡു മുറിച്ചുകടന്ന രാജവെമ്പാല തൊട്ടടുത്തുള്ള വീട്ടുവളപ്പിലെ ഒരുമരത്തില്‍ സ്ഥാനമുറപ്പിച്ചു. പാമ്പിനെ കണ്ട വീട്ടുടമ വനംവകുപ്പിനെയും എആർആർഎസ് ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ അജയ് ഗിരിയും സംഘവും സ്ഥലത്തെത്തി. പുറപ്പെടുന്നതിന് മുന്‍പ് തന്നെ പാമ്പിനെ കണ്ടാല്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് നാട്ടുകാര്‍ക്ക് നിര്‍ദേശം നല്‍കിയതായും പോസ്റ്റില്‍ പറയുന്നു.

ശ്രദ്ധാപൂര്‍വം അതിവിദഗ്ദമായി പാമ്പിനെ മരത്തില്‍ നിന്ന് താഴെയിറക്കി പിടികൂടി കാട്ടിലേക്ക് തുറന്നുവിടുന്ന വിഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. ഒപ്പം നാട്ടുകാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്ന ദൃശ്യങ്ങളുമുണ്ട്. വിഡിയോ ശ്രദ്ധേയമായതിന് പിന്നാലെ പാമ്പ് പിടുത്തക്കാരെ അഭിനന്ദിച്ച് നെറ്റിസണ്‍സും രംഗത്തെത്തി. അതേസമയം ചിലര്‍ ആകൃഷ്ടരായതാകട്ടെ മരത്തില്‍ നിന്ന് തുറിച്ച് നോക്കുന്ന പാമ്പിന്‍റെ സൗന്ദര്യത്തിലാണ്.

'എന്തൊരു ഭംഗി! അവനെ രക്ഷിച്ചതിന് നന്ദി' എന്നാണ് ഒരാള്‍ വിഡിയോയ്ക്ക് കമന്‍റായി കുറിച്ചത്. 'വളരെ പ്രൊഫഷണലായി നിങ്ങള്‍ സാഹചര്യം കൈകാര്യം ചെയതു', 'അത് തന്‍റെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് മടങ്ങുന്നത് കാണുന്നതിൽ വളരെ സന്തോഷം, നന്ദി’, ’ഷോ കാണിക്കാതെ നിങ്ങള്‍ കാര്യം ഭംഗിയായി ചെയ്തു’ എന്നിങ്ങനെ നീളുന്നു കമന്‍റുകള്‍.

ENGLISH SUMMARY:

12 Foot long king cobra was sighted in Agumbe, Karnataka, rescued. Video goes viral