Screen grab from a twitter video

TOPICS COVERED

ഭൂമിക്ക് പുറത്ത് ജീവനുണ്ടോ? അന്യഗ്രഹ ജീവികള്‍ യഥാര്‍ഥത്തിലുണ്ടോ? ഇങ്ങനെ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ തേടി ശാസ്ത്രലോകം അലയുമ്പോള്‍ തമിഴ്നാട്ടില്‍ അന്യഗ്രഹ ജീവികള്‍ക്ക് ക്ഷേത്രം പണിത് യുവാവ്. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരത്തില്‍ ക്ഷേത്രം നിര്‍മിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. തമിഴ്നാട്ടിലെ സേലം ജില്ലയിലെ മല്ലമൂപമ്പട്ടിയിലാണ് ഈ ക്ഷേത്രമുള്ളത്. പ്രദേശവാസിയായ  ലോകനാഥനാണ് ഇതിന് പിന്നില്‍. അതേസമയം ക്ഷേത്രത്തിന്‍റെ നിര്‍മാണം പൂര്‍ണമായും പൂര്‍ത്തിയായിട്ടില്ല.

ലോകത്ത് മഹാദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ഭൂമിയെ സംരക്ഷിക്കാന്‍ അന്യഗ്രഹ ജീവികളെത്തുമെന്നാണ് ലോകനാഥന്‍ പറയുന്നത്. ആദ്യത്തെ ‘കോസ്മിക് ദൈവ’മായിട്ടാണ് ഇയാള്‍ അന്യഗ്രഹ ജീവികളെ കണക്കാക്കുന്നത്. ഇനി മുതല്‍ കൂടുതല്‍ അന്യഗ്രഹജീവികള്‍ ഭൂമിയിലെത്തുമെന്നും നേരിട്ട് ആശയവിനിമയം നടത്തുമെന്നും ഇയാള്‍ പറയുന്നു. ലോക രാജ്യങ്ങളെല്ലാം തന്നെ അന്യഗ്രഹ ജീവികളെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും പക്ഷേ കണ്ടെത്തലുകള്‍ മറച്ചുവയ്ക്കുകയുമാണെന്നാണ് ഇയാളുടെ വാദം.

ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനും തൊഴില്‍പരമായ മുന്നേറ്റത്തിനും അന്യഗ്രഹജീവികളെ ആരാധിക്കുന്നത് നല്ലതാണെന്നാണ് ലോകനാഥന്‍റെ പക്ഷം. ഇക്കാര്യത്തില്‍ തനിക്ക് വ്യക്തിപരമായ അനുഭവം ഉണ്ടെന്നും അന്യഗ്രഹ ജീവികള്‍ ഉപദ്രവിക്കില്ല മറിച്ച് നന്മ മാത്രമേ നല്‍കൂ എന്നും ഇയാള്‍ പറയുന്നു. അന്യഗ്രഹജീവികള്‍ക്ക് സിനിമയില്‍ കാണുന്നതുപോലെ കൊമ്പുകളില്ല. മനുഷ്യരുമായി രൂപസാദൃശ്യമുള്ള അവയ്ക്ക് സാധാരണ രൂപമാണെന്നും ലോകനാഥന്‍ വിശ്വസിക്കുന്നുണ്ട്.

ENGLISH SUMMARY:

Man built temple for aliens in Tamil Nadu