സര്‍ക്കാര്‍ സ്കൂളുകളില്‍ സ്വാതന്ത്ര്യദിനം മുതൽ ‘ഗുഡ് മോണിങ്’ പറയുന്നതിന് പ്രകാരം ‘ജയ് ഹിന്ദ്’ എന്നു പറഞ്ഞാല്‍ മതിയെന്ന് ഹരിയാന സര്‍ക്കാര്‍. വിദ്യാർഥികളിൽ ദേശസ്‌നേഹം വളര്‍ത്തുന്നതിനായാണ് തീരുമാനം എന്നാണ് സര്‍ക്കാരിന്‍റെ വാദം. ഇതിനായി വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലറും പുറത്തിറക്കി.
കുട്ടികള്‍ക്കിടയില്‍ ആഴത്തില്‍ ദേശസ്നേഹവും ദേശീയയെ കുറിച്ചുള്ള അഭിമാനവും വളര്‍ത്തുന്നതിനായാണ് ‘ഗുഡ് മോണിങ്’ പറയുന്നതിന് പ്രകാരം ‘ജയ് ഹിന്ദ്’ മതിയെന്ന തീരുമാനം എടുത്തിരിക്കുന്നത്. അതുവഴി വിദ്യാർഥികളില്‍ ദേശീയ ഐക്യവും സമ്പന്നമായ ഇന്ത്യയുടെ ചരിത്രത്തോടുള്ള ആദരവും വര്‍ധിക്കും. എല്ലാദിവസവും പറയുന്നതോടെ ഇത് പ്രചോദിപ്പിക്കപ്പെടുമെന്നും വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കിയ സർക്കുലറില്‍ പറയുന്നു.
‘സ്വാതന്ത്ര്യ സമര കാലത്ത് നേതാജി സുഭാഷ് ചന്ദ്രബോസ് ആവിഷ്കരിച്ചതാണ് 'ജയ് ഹിന്ദ്'. പിന്നീട് സ്വാതന്ത്ര്യത്തിന് ശേഷം സായുധ സേന ഇത് സ്വീകരിച്ചു. സ്വാതന്ത്ര്യ സമരസേനാനികള്‍ സഹിച്ച ത്യാഗങ്ങളെ അനുസ്മരിക്കാന്‍ ഈ ‘ദേശസ്നേഹ ആശംസ’ വിദ്യാർഥികളെ സഹായിക്കും. ‘ജയ് ഹിന്ദ്’ എന്നത് പ്രാദേശിക- ഭാഷാ- സാംസ്കാരിക വ്യത്യാസങ്ങൾക്കതീതമാണ്. പതിവ് ഉപയോഗം വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കിടയിൽ ഇത് ഐക്യവും അച്ചടക്കവും വളര്‍ത്തും. ഇന്ത്യയുടെ വികസനത്തിന് ക്രിയാത്മകമായി സംഭാവന ചെയ്യാൻ വിദ്യാര്‍ഥികളെ പ്രോല്‍സാഹിപ്പിക്കും’, സർക്കുലർ പറയുന്നു.
എന്നാല്‍ ഇത് നിര്‍ബന്ധമല്ലെന്നും കേവലം നിര്‍ദേശം മാത്രമാണെന്നുമാണ് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥന്‍ ദേശീയമാധ്യമത്തോട് പ്രതികരിച്ചത്. ഇത് പാലിച്ചില്ലെങ്കില്‍ ശിക്ഷ ഉണ്ടാകില്ലെന്നും നിയമമല്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഗുഡ് മോണിങ്’ ‘ജയ്ഹിന്ദ്’ എന്നീ രണ്ട് ആശംസകളും ഉപയോഗിക്കാവുന്നതാണെന്ന് ഫെഡറേഷൻ ഓഫ് പ്രൈവറ്റ് സ്കൂൾസ് അസോസിയേഷൻ പ്രസിഡന്‍റ് കുൽഭൂഷൺ ശർമ്മ പറഞ്ഞു.
അതേസമയം, ഒറ്റരാത്രികൊണ്ട് വിദ്യാർഥികളുടെ ശീലങ്ങൾ മാറ്റുന്നത് ബുദ്ധിമുട്ടാണ്. തുടക്കത്തിൽ വിദ്യാർഥികൾ 'നമസ്‌തേ' എന്നാണ് അഭിവാദ്യം ചെയ്തിരുന്നത്. 'നമസ്‌തേ' എന്നതിൽ നിന്ന് 'ഗുഡ് മോണിങ്' എന്നതിലേക്ക് മാറാൻ വർഷങ്ങളെടുത്തു. വിദ്യാർഥികൾ അവരുടെ ചുറ്റുപാടുകളോട് അടുത്തുനിൽക്കുന്ന സമ്പ്രദായങ്ങളാണ് എളുപ്പത്തിൽ സ്വീകരിക്കുന്നതെന്ന് സർക്കാർ സ്‌കൂൾ അധ്യാപകരുടെ സംഘടനാ ജനറൽ സെക്രട്ടറി പ്രഭു സിങ് അഭിപ്രായപ്പെട്ടു,
ജില്ലാ വിദ്യാഭ്യാസ ഓഫിസർമാർ, ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫീസർമാർ, ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർമാർ, ബ്ലോക്ക് പ്രാഥമിക വിദ്യാഭ്യാസ ഓഫിസർമാർ, പ്രിൻസിപ്പൽമാർ, പ്രധാനാധ്യാപകർ എന്നിവർക്കായാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. 14,300 സർക്കാർ സ്‌കൂളുകളിലായി 23.10 ലക്ഷം വിദ്യാർഥികളാണ് ഹരിയാനയിലുള്ളത്. കൂടാതെ ഏഴായിരത്തോളം സ്വകാര്യ സ്‌കൂളുകളിലായും ഇത്രത്തോളം തന്നെ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്.