സഹോദരിയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച ഭാര്യയുടെ കാലുകള്‍ ബൈക്കുമായി കൂട്ടിക്കെട്ടി റോഡിലൂടെ വലിച്ചിഴച്ച് ഭര്‍ത്താവ്. ഞെട്ടലുളവാക്കുന്ന ക്രൂരതയുടെ വിഡിയോ വാര്‍ത്തകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രചരിക്കുകയാണ്. രാജസ്ഥാനിലെ നാഗ്പൂരിലാണ് സംഭവം. 40 സെക്കന്റ് ദൈര്‍ഘ്യമുള്ള ക്രൂരതയുടെ ദൃശ്യങ്ങള്‍ ആണ് പ്രചരിക്കുന്നത്. കഴിഞ്ഞ മാസമാണ് സംഭവം നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഒരു യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ ഈ ക്രൂരത കണ്ടിട്ടും യുവതിയെ രക്ഷിക്കാനെത്തിയില്ലെന്നതാണ് ഏറെ ദുഖകരമായ മറ്റൊരു കാര്യം.
ആര്‍ജി കര്‍ ആശുപത്രിയില്‍ വനിതാഡോക്ടര്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഒരു സ്ത്രീ കൂടി ക്രൂരതക്കിരയാകുന്ന വിഡിയോ പുറത്തുവരുന്നത്. ജയ്‌സല്‍മേറിലുള്ള സഹോദരിയെ പോയി കാണണമെന്ന് പറഞ്ഞതിനെത്തുടര്‍ന്നാണ് ഈ യുവതി ആക്രമിക്കപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. യുവതികളെ വില്‍പ്പന നടത്തുന്നതുമായി ബന്ധപ്പെട്ട സംഭവമാണോ ഇതെന്ന സംശയവും ഇതോടൊപ്പം ഉയരുന്നുണ്ട്. ജുന്‍ജുനു, നാഗ്പൂര്‍,പാലി എന്നീ ജില്ലകളില്‍ നിന്നും ഇത്തരത്തില്‍ സ്ത്രീകളെ വില്‍പന നടത്തുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വില്‍പന നടന്നുകഴിഞ്ഞാല്‍ സ്വന്തം ബന്ധുക്കളെ കാണാനോ വീട്ടിലേക്ക് തിരിച്ചുപോകാനോ അനുവദിക്കാറില്ലെന്നും സൂചനയുണ്ട്. ഇത്തരത്തില്‍ ഓരോ നാട്ടിലെത്തപ്പെടുന്ന സ്ത്രീകള്‍ ശാരീരികമായും മാനസികമായും ഭര്‍ത്താവില്‍ നിന്നും നാട്ടിലെ മറ്റ് പുരുഷന്‍മാരില്‍ നിന്നും പീഡനങ്ങള്‍ അനുഭവിക്കേണ്ടി വരാറുണ്ടെന്നും വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. വീട്ടുജോലിക്കു പുറമേ ഫാമുകളിലും മറ്റുമൊക്കെ കഠിനമായ ജോലി ചെയ്യാനും ഇത്തരം സ്ത്രീകള്‍ നിര്‍ബന്ധിതരാകാറുണ്ട്.
യുവതിയോട് കാണിച്ച ക്രൂരതയിലും മനുഷ്യക്കടത്തിന്റെ പേരിലും രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. 40 വയസുള്ള പ്രേം റാം മേഗ്‌വാള്‍ ആണ് പ്രതിയെന്ന് സൂചനയുണ്ട്. തൊഴിലില്ലാത്തയാളാണെന്നും ലഹരിക്കടിമയാണെന്നും അന്വേഷണത്തില്‍ വ്യക്തമാകുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം നാഗ്പൂര്‍ പൊലീസ് യുവതിയെ വിളിച്ച് വിവരങ്ങള്‍ തേടിയതായി നാഗ്‌പൂര്‍ പൊലീസ് സൂപ്രണ്ട് വ്യക്തമാക്കുന്നു.