Image: Screengrab from x.com/nBangalorepost

TOPICS COVERED

പരാതി നല്‍കാനെത്തിയ അമ്മയോട് പൊലീസ് മോശമായി പെരുമാറിയതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ സ്വന്തം സ്കൂട്ടര്‍ കത്തിച്ച് യുവാവ്. ബെംഗളൂരുവിലെ വിധാന്‍ സൗധയ്ക്ക് മുന്നില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. പൃഥ്വിരാജെന്ന 27കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

 പൃഥ്വിരാജ് വിധാന്‍ സൗധയ്ക്ക് മുന്നിലുള്ള അംബേദ്കര്‍ വീഥിയില്‍  സ്കൂട്ടറിലെത്തിയ പൃഥ്വിരാജ് പെട്രോള്‍ ടാങ്കിലേക്ക്  തീപ്പെട്ടിക്കൊള്ളിയുരച്ചിടുകയായിരുന്നു. നിമിഷങ്ങള്‍ക്കകം സ്കൂട്ടറില്‍ തീയാളിപടര്‍ന്നു.   അഗ്നിരക്ഷാസേനയെത്തിയെത്തും മുമ്പേ സ്കൂട്ടര്‍ പൂര്‍ണമായി കത്തിനശിച്ചു.  വിധാന്‍ സൗധയ്ക്ക് മുന്നില്‍ സ്കൂട്ടര്‍ കത്തുന്നത് കണ്ട് ഒട്ടേറെപേര്‍ വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തി വിവരമാരാഞ്ഞു. ഇത് ഗതാഗതക്കുരുക്കിനും കാരണമായി. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ജനക്കൂട്ടത്തെ പിരിച്ച് വിട്ട് പൃഥ്വിരാജിനെ കസ്റ്റഡിയിലെടുത്തു. 

‌ചിത്രദുര്‍ഗ ജില്ലക്കാരനായ പൃഥ്വിരാജ് ഇലക്ട്രീഷ്യനായാണ് ജോലി ചെയ്തുവരുന്നത്. ജൂലൈ ഒന്നിന് തൊഴില്‍ സംബന്ധമായ ആവശ്യങ്ങള്‍ക്കായി ചിക്കമംഗളൂരുവിലേക്ക് പോയ പൃഥ്വിരാജിന്‍റെ ഫോണ്‍ ചാര്‍ജ് തീര്‍ന്ന് ഓഫായി. വീട്ടിലെത്തില്ലെന്ന് അമ്മയെ അറിയിക്കാനും കഴിഞ്ഞില്ല. പതിവ് സമയം കഴിഞ്ഞിട്ടും മകനെ കാണാതായതോടെ അമ്മ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തി. പൊലീസുകാരാവട്ടെ പരാതി സ്വീകരിക്കുകയോ ഒന്നാശ്വസിപ്പിക്കുകയോ, അന്വേഷിക്കാമെന്ന് അറിയിക്കുകയോ ചെയ്തില്ല. ഒടുവില്‍ യശ്വന്ത്പുര്‍ സ്റ്റേഷനിലെത്തി പിറ്റേന്ന് പരാതി നല്‍കിയപ്പോഴാണ് പൊലീസുകാര്‍ കേസ് റജിസ്റ്റര്‍ ചെയ്തത്. 

ജൂലൈ പത്തിന് ഫോണ്‍ നന്നാക്കി കിട്ടിയതിനെ തുടര്‍ന്ന് അമ്മയെ വിളിച്ച പൃഥ്വിരാജ് താന്‍ സുരക്ഷിതനാണെന്ന് അറിയിച്ചു. നാട്ടിലെത്തിയപ്പോള്‍ സ്റ്റേഷനിലെത്തി കേസും അവസാനിപ്പിച്ചു. പൊലീസുകാര്‍ മോശമായി പെരുമാറിയെന്ന വിവരം പിന്നീടാണ് അമ്മ പൃഥ്വിരാജിനോട് അറിയിച്ചത്. തുടര്‍ന്ന് ജൂലൈ 23ന് ചല്ലകേരെ സ്റ്റേഷനിലെത്തിയ യുവാവ് , തന്‍റെ അമ്മയോട് മോശമായി പെരുമാറാനുള്ള കാരണം അന്വേഷിച്ചു. മറുപടി നല്‍കുന്നതിന് പകരം അമ്മയുടെ മുന്നില്‍ വച്ച് തന്നെ പൊലീസുകാര്‍ മര്‍ദിച്ചെന്ന് പൃഥ്വിരാജ് പറഞ്ഞു. തനിക്ക് നീതി നിഷേധിക്കപ്പെട്ടെന്നും തന്‍റെ അമ്മ അപമാനിക്കപ്പെട്ടെന്നും  ഇക്കാര്യം  ജനശ്രദ്ധയില്‍ കൊണ്ടുവരാനായി സ്കൂട്ടര്‍ കത്തിച്ചെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.

പൃഥ്വിരാജിന്‍റെ കേസ് വിശദമായി അന്വേഷിച്ചതിന് പിന്നാലെ ചല്ലകേരെ സ്റ്റേഷനിലെ ഡിഎസ്പി, എ.എസ്.പി എന്നിവരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കിയതിന് പൃഥ്വിരാജിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. 

ENGLISH SUMMARY:

Protest against police's ill treatment, Youth sets scooter on fire in Bengaluru