പോഷകാഹാര പദ്ധതിയുടെ ഭാഗമായി സ്കൂളില്‍ നിന്ന് വിതരണം ചെയ്ത ബിസ്കറ്റ് കഴിച്ച 80 കുട്ടികള്‍ ആശുപത്രിയില്‍. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗര്‍ ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് ശാരീരികാസ്വസ്ഥതയുണ്ടായത്. കെകേത് ജല്‍ഗാവ് ഗ്രാമത്തിലെ സ്കൂളിലാണ് സംഭവം.
ശനിയാഴ്ച രാവിലെ എട്ടരയോടെ ബിസ്കറ്റ് കഴിച്ച കുട്ടികള്‍ ഛര്‍ദിക്കാന്‍ തുടങ്ങുകയായിരുന്നു. പിന്നാലെ ക്ഷീണിച്ച് അവശരായി. വിവരമറിഞ്ഞെത്തിയ പഞ്ചായത്ത് അധികൃതര്‍ കുട്ടികളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കുട്ടികളുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 257 കുട്ടികള്‍ക്കാണ് ആകെ ശാരീരിക ബുദ്ധിമുട്ടുണ്ടായത്. ഇതില്‍ 153 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 80 പേരൊഴികെയുള്ള കുട്ടികളെ പ്രാഥമിക ചികില്‍സ നല്‍കി വീട്ടിലേക്ക് അയച്ചുവെന്നും സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി. 296 വിദ്യാര്‍ഥികളാണ് ആകെ സ്കൂളിലുള്ളത്. ഭക്ഷ്യവിഷ ബാധയാണെന്നാണ് സംശയം. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.