കൊല്‍ക്കത്തയില്‍ ഡോക്ടർ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ വനിതാ ഡോക്ടർമാരുടെ ജോലി സമയം ക്രമീകരിക്കാൻ ബംഗാൾ സർക്കാർ. 12 മണിക്കൂറാക്കി ഡ്യൂട്ടി സമയം കുറയ്ക്കും. രാത്രി ഡ്യൂട്ടി ഒഴിവാക്കാനും ആലോചന. അതിനിടെ, കേസിലെ മുഖ്യപ്രതി സഞ്ജയ് റോയിയെ സൈക്കോ അനാലിസിസ് പരിശോധനയ്ക്ക് വിധേയനാക്കും.
ആശുപത്രികളിൽ വരുന്നവരിൽ സംശയം തോന്നുന്നവർക്ക് ബ്രെത്തലൈസര്‍ പരിശോധനകളടക്കം കര്‍ശന നടപടികളുമായി ബംഗാള്‍ സര്‍ക്കാര്‍. വനിതാ ഡോക്ടർമാർക്ക് വിശ്രമമുറി ഉറപ്പാക്കും. വനിതകൾ പഠിക്കുന്ന കോളജ്, താമസിക്കുന്ന ഹോസ്റ്റൽ/പിജി എന്നിവിടങ്ങളിലെല്ലാം രാത്രി പട്രോളിങ് കർശനമാക്കും. ലോക്കൽ പൊലീസ് സ്റ്റേഷനുമായി ബന്ധമുള്ള മൊബൈൽ ആപ്പ് പ്രാബല്യത്തിൽ വരുത്തും. ആശുപത്രികളിൽ വനിതാ സുരക്ഷാ ഗാർഡുമാരെയും നിയമിക്കും. രാത്രി സുരക്ഷയൊരുക്കാൻ പ്രത്യേക വനിത വളന്റിയർമാർ. സ്വകാര്യതയെ ബാധിക്കാത്ത തരത്തിൽ സി.സി.ടി.വികൾ സ്ഥാപിക്കും.
അതിനിടെ, കേസിലെ മുഖ്യപ്രതി സഞ്ജയ് റോയിയെ സൈക്കോ അനാലിസിസ് പരിശോധനയ്ക്ക് വിധേയനാക്കും. ഡൽഹിയിൽനിന്ന് സെൻട്രൽ ഫൊറൻസിക് സയന്റിഫിക് ലാബോറട്ടറി ടീം കൊൽക്കത്തയിലെത്തി. മെഡിക്കൽ കോളജിൽ ത്രിഡി ലേസർ സ്‌കാനർവച്ചുള്ള സിബിഐ സംഘത്തിന്റെ പരിശോധന ഇന്നും തുടരും. രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ, ക്രമസമാധാന നില സംബന്ധിച്ചുള്ള റിപ്പോർട്ട് ഓരോ രണ്ടുമണിക്കൂറിലും അറിയിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശം നൽകി.