പുകവലി ഹാനികരം തന്നെയാണ്, എന്നാല്‍ സിഗററ്റോ ബീഡിയോ കത്തിച്ച ശേഷം തീപ്പെട്ടി അലക്ഷ്യമായി വലിച്ചെറിയുന്നത് വലിയ അപകടകത്തിലായിരിക്കും കലാശിക്കുന്നത്. അത്തരത്തില്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ തീപ്പെട്ടിക്കൊള്ളിയില്‍ നിന്നും നിരവധി കടകള്‍ കത്തിയെരിഞ്ഞ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ആന്ധ്രാപ്രദേശിലെ അനന്ത്പൂർ ജില്ലയിലെ കല്യാണദുർഗം ടൗണിലാണ് സംഭവം. ഒരാൾ അടുത്തുള്ള പെട്രോള്‍ പമ്പില്‍ നിന്ന് അഞ്ച് ലിറ്റർ പെട്രോൾ വാങ്ങിയിരുന്നു, എന്നാൽ പെട്രോള്‍ ചോര്‍ന്ന് റോഡിലേക്കൊഴുകി. നിരവധി കടകൾ സ്ഥിതി ചെയ്യുന്നതിന്‍റെ മുന്‍പിലാണ് പെട്രോള്‍ തളംകെട്ടിക്കിടന്നത്. ഇതിന്‍റെ സമീപം രണ്ട് പേർ സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. തൊട്ടുമുന്‍പില്‍ വെള്ളം പോലെ പെട്രോള്‍. അവരിൽ ഒരാൾ ബീഡി കത്തിച്ച ശേഷം കത്തുന്ന തീപെട്ടിക്കൊള്ളി താഴെയിടുന്നതും തൽക്ഷണം തീ ആളിപ്പടരുന്നതുമാണ് വിഡിയോയില്‍.

ഒരാള്‍പൊക്കത്തില്‍ ഉയര്‍ന്ന തീജ്വാലകൾക്കിടയിലൂടെ ആളുകള്‍ രക്ഷപ്പെടാന്‍ ഓടുന്നതും സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ നീക്കാന്‍ ശ്രമിക്കുന്നതുമുണ്ട്. തീപിടിത്തത്തിൽ നിരവധി കടകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. നാട്ടുകാര്‍ പെട്ടെന്ന് തീയണച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

കത്തിച്ച സിഗററ്റും തീപെട്ടിക്കൊള്ളിയും അലക്ഷ്യമായി കൈകാര്യം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങള്‍ പുതിയകാര്യമല്ല. കൊൽക്കത്തയില്‍ മെയില്‍ കൈയിൽ കത്തിച്ച സിഗരറ്റുമായി കിടന്നുറങ്ങിയ 28 കാരന്‍ വീട്ടിൽ വച്ച് ശ്വാസം മുട്ടി മരിച്ചിരുന്നു. സിഗററ്റില്‍ നിന്നും തീ ആളിപ്പടരുകയും ബെഡ്ഷീറ്റും കിടക്കയും കത്തിയെരിയുകയുമായിരുന്നു.

ENGLISH SUMMARY:

Man lights a beedi and flicks the burning matchstick. The match lands into the pool of petrol in road and instantly bursts into fire.