ബിഹാറില്‍ ദലിത് ഗ്രാമം തീയിട്ട് നശിപ്പിച്ചു. 80 വീടുകള്‍ കത്തി നശിച്ചു. 15 പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നും ഭൂമി തര്‍ക്കമാണ് കാരണമെന്നുമാണ് പൊലീസ് പ്രതികരണം. ജംഗിൾ രാജിന് തെളിവെന്ന് പ്രതിപക്ഷ പര്‍ട്ടികള്‍ ആരോപിച്ചു. അത്യന്തം ഭീതിതമായിരുന്നു ഇന്നലെ രാത്രി നവാഡയിലെ കൃഷ്ണ നഗറിലെ അന്തരീക്ഷം . ദലിത് ഗ്രാമത്തിലേക്ക് ഒരു കൂട്ടം അക്രമികള്‍ എത്തി വെടി ഉതിര്‍ത്തു. തൊട്ട് പിന്നാലെ വീടുകള്‍ക്ക് തീവച്ചു. കൂടുതലും കുടിലുകളായതിനാല്‍ തീ അതിവേഗം പടര്‍ന്നു. കന്നു കാലികള്‍ വെന്തുമരിച്ചു. സര്‍ക്കാര്‍ ഭൂമിയില്‍ കാലങ്ങളായി താമസിക്കുന്ന ദലിതുകള്‍ക്ക് നേരെ ഉണ്ടായ ആക്രമണം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് റിപ്പോര്‍ട്ട് തേടി. കുറ്റവാളികള്‍ക്കെതിരെ കര്ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ബിജെപിയുടെയും എന്‍ഡിഎയുടെയും ദലിതരോടുത്ത നിസ്സംഗതയും അവഗണനയും ഉച്ചസ്ഥായിയിലെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. പ്രധാനമന്ത്രി എന്നത്തേയും പോലെ നിശബ്ദനാണെന്നും അധികാരത്തോടുള്ള അത്യാർത്തിയിൽ നിതീഷ് കുമാർ തിരക്കിലാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രതികരിച്ചു . ദരിദ്രർ അരക്ഷിതാവസ്ഥയുടെയും ഭയത്തിൻ്റെയും നിഴലിൽ ജീവിക്കാൻ നിർബന്ധിതരാകുന്നു എന്നും ഉടന്‍ തന്നെ പുനരധിവാസവും അക്രമികൾക്കെതിരെ കർശന നടപടിയും വേണമെന്നും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആവശ്യപ്പെട്ടു.