സിന്ധുദുർഗിലെ രാജ്‌കോട്ട് കോട്ടയിൽ ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നുവീണതില്‍ വധശ്രമത്തിനും മനഃപൂർവമല്ലാത്ത നരഹത്യക്കും കേസ്. ആർട്ടിസ്റ്റ് ജയദീപ് ആപ്‌തേയ്ക്കും സ്ട്രക്ചറൽ കൺസൾട്ടന്‍റ് ചേതൻ പാട്ടീലിനും എതിരെയാണ് പൊതുമരാമത്ത് വകുപ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിരിക്കുന്നത്. മാൽവൻ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിന് അനാച്ഛാദനം ചെയ്ത പ്രതിമയാണ് തിങ്കളാഴ്ച തകര്‍ന്നുവീണത്. പ്രതിമയുടെ നിർമ്മാണത്തിനായി 2.4 കോടി രൂപ നാവികസേനയ്ക്ക് കൈമാറിയതായി എഫ്ഐആറിൽ പറയുന്നു. ഇന്ത്യന്‍ നേവിയുടെ മേല്‍നോട്ടത്തിലായിരുന്നു പ്രതിമ നിര്‍മാണം. കുറ്റം തെളിഞ്ഞാൽ ഇരുവര്‍ക്കും 10 വർഷം വരെ തടവ് ലഭിക്കും.
പ്രതിമയുടെ നട്ടും ബോള്‍ട്ടും തുരുമ്പെടുത്ത നിലയിലായിരുന്നെന്നും ഗുണനിലവാരമില്ലാത്ത വസ്തുക്കളാണ് നിര്‍മാണത്തിന് ഉപയോഗിച്ചതെന്നും പൊതുമരാമത്ത് വകുപ്പ് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. പ്രതിമ തകര്‍ന്നുവീണയിടത്തുനിന്ന് ഫോറൻസിക് സംഘം സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. തകർച്ചയുടെ കാരണം കണ്ടെത്താൻ വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്നും എഫ്എസ്എൽ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും സിന്ധുദുർഗ് എസ്പി സൗരഭ് കുമാർ അഗർവാൾ പറഞ്ഞു.
ഓഗസ്റ്റ് 20ന് പിഡബ്ല്യുഡി അസിസ്റ്റന്‍റ് എഞ്ചിനീയര്‍ പ്രതിമയുടെ അപകടാവസ്ഥയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാവിക ഉദ്യോഗസ്ഥര്‍ക്ക് കത്തയക്കുകയും ചെയ്തു. അതേസമയം, ശിവജിയുടെ 100 അടി ഉയരമുള്ള പുതിയ പ്രതിമ ഇവിടെ തന്നെ നിർമിക്കുമെന്ന് ശിവസേന മന്ത്രി ദീപക് കേസർകർ പറഞ്ഞു.