കനത്ത മഴയില്‍ ആന്ധ്രപ്രദേശും തെലങ്കാനയും ദുരിതക്കയത്തില്‍. രണ്ട് ദിവസമായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ രണ്ട് സംസ്ഥാനങ്ങളിലുമായി 19 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 17,000ത്തിലധികം ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. 140ഓളം ട്രെയിനുകള്‍ റദ്ദാക്കിയതായും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതായും അധികൃതര്‍ അറിയിച്ചു. 97 ട്രെയിനുകളാണ് വഴി തിരിച്ചു വിട്ടത്. ട്രെയിന്‍ ഗതാഗതം താറുമാറായത് 6000ത്തിലേറെ യാത്രക്കാരെ വലച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബംഗാൾ ഉൽക്കടലിൽ രൂപം കൊണ്ട ന്യൂന മർദ്ദമാണ് പേമാരിക്കും പ്രളയസമാന സ്ഥിതിക്കും വഴി തെളിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി ഫോണില്‍ സ്ഥിതിഗതികള്‍ ആരാഞ്ഞു. കേന്ദ്രത്തില്‍ നിന്നും സാധ്യമായ എല്ലാ സഹായവും എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം.
കാലവര്‍ഷക്കെടുതിയില്‍ മരിച്ച 19പേരില്‍ പത്തുപേരും തെലങ്കാനയില്‍ നിന്നുള്ളവരാണ്. 9 പേര്‍ ആന്ധ്രയില്‍ നിന്നുള്ളവരും. പ്രളയത്തില്‍ ആന്ധ്രയിലെ മൂന്നുപേര്‍ ഒഴുകിപ്പോയതായി സംശയമുണ്ട്. തെലങ്കാനയില്‍ ഒരാളെ കാണാതെയായെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വിജയവാഡയില്‍ മാത്രം 2.76 ലക്ഷം പേരെയാണ് മഴ ബാധിച്ചത്.
നദിക്കരയില്‍ താമസിക്കുന്നവരെ ദേശീയ ദുരന്തനിവാരണ സമിതിയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. കൃഷ്ണ ഗോദാവരി നദികൾ കരകവിഞ്ഞൊഴുകുകയാണ്. ഹൈദരാബാദ്- വിജയവാഡ ദേശീയ പാത വെള്ളം കയറിയതിനെ തുടർന്നു അടച്ചു. ആന്ധ്രയിൽ വിജയവാഡ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിൽ ആയി. ശ്രീകാകുളം,പാർവതിപുരം,മന്യം, അല്ലുരി സീതരാം രാജു, വിശാഖപട്ടണം ജില്ലകളുടെ താഴ്ന്ന ഭാഗങ്ങൾ വെള്ളത്തിനു അടിയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജനങ്ങള്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം നല്‍കി.