• ഹരിയാനയില്‍ വീണ്ടും പശുക്കടത്ത് ആരോപിച്ച് കൊലപാതകം
  • സ്കൂള്‍ വിദ്യാര്‍ഥിയെ കാറില്‍ പിന്തുടര്‍ന്ന് വെടിവച്ചുകൊന്നു
  • അഞ്ചംഗ അക്രമിസംഘം അറസ്റ്റില്‍

പശുക്കടത്തുകാരെന്ന് തെറ്റിദ്ധരിച്ച് ഹരിയാനയിലെ ഫരീദാബാദില്‍ ഒരുസംഘമാളുകള്‍ പന്ത്രണ്ടാംക്ലാസ് വിദ്യാര്‍ഥിയെ വെടിവച്ചുകൊന്നു. ഫരീദാബാദ് സ്വദേശി ആര്യന്‍ മിശ്രയാണ് കൊല്ലപ്പെട്ടത്. ആര്യനും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ച കാറിനെ 30 കിലോമീറ്ററോളം പിന്തുടര്‍ന്നശേഷം അക്രമിസംഘം വെടിവയ്ക്കുകയായിരുന്നു. പശുസംരക്ഷകരെന്നവകാശപ്പെടുന്ന അഞ്ചംഗസംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.

പശുക്കടത്തുകാര്‍ രണ്ട് കാറുകളില്‍ ഫരീദാബാദില്‍ കറങ്ങുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അക്രമിസംഘം തിരച്ചിലിനിറങ്ങിയത്. പട്ടേല്‍ ചൗക്കില്‍ വച്ച് കാറിലിരുന്ന ആര്യന്‍ മിശ്രയെയും സുഹൃത്തുക്കളായ ഷാന്‍കി, ഹര്‍ഷിത് എന്നിവരെയും കണ്ടു. ഇവരോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. ഷാന്‍കിയോട് വിരോധമുള്ള സംഘത്തില്‍പ്പെട്ടവരാണെന്ന് ഭയന്ന് അവര്‍ കാറോടിച്ച് പോകുകയായിരുന്നു.

ഗധ്പുരിയില്‍ നിന്ന് ഡല്‍ഹി–ആഗ്ര ദേശീയപാത വരെ അക്രമിസംഘം ആര്യനെയും സുഹൃത്തുക്കളെയും പിന്തുടര്‍ന്നു. ഹര്‍ഷിതാണ് കാറോടിച്ചിരുന്നത്. ഒടുവില്‍ ഗൂണ്ടാസംഘം കാറിനുനേരെ വെടിവച്ചു. ഡ്രൈവര്‍ സീറ്റിനരികിലിരുന്ന ആര്യന്റെ കഴുത്തില്‍ വെടിയേറ്റു. വാഹനം നിര്‍ത്തിയശേഷവും അക്രമികള്‍ വെടിയുതിര്‍ത്തു. ഇതും ആര്യനാണ് കൊണ്ടത്.

കാറില്‍ സ്ത്രീകളെക്കൂടി കണ്ടപ്പോഴാണ് ആളുമാറിയെന്ന് അക്രമിസംഘത്തിന് മനസിലായത്. അവര്‍ ഉടന്‍ സ്ഥലം വിട്ടു. ആര്യനെ പെട്ടെന്ന് അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അല്‍പനേരത്തിനുശേഷം മരിച്ചു. അക്രമികള്‍ ഉപയോഗിച്ച തോക്ക് അനധികൃതമായി നിര്‍മിച്ചതാണെന്ന് പൊലീസ് പറഞ്ഞു. അനില്‍, കൗശിക്, കൃഷ്ണ, ആദേശ്, സൗരഭ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യംചെയ്തുവരികയാണ്.

ENGLISH SUMMARY:

A group of self-proclaimed cow protectors in Faridabad, Haryana, mistakenly shot and killed Aryan Mishra, a 12th-grade student, after pursuing his car for 30 kilometers. Aryan and his two friends were traveling when the attackers, believing them to be cattle smugglers, opened fire, fatally wounding Aryan. The police have arrested five individuals involved in the incident, who used an illegally manufactured firearm.