TOPICS COVERED

മുന്‍കൂട്ടി ബുക്ക് ചെയ്തശേഷം യാത്ര റദ്ദാക്കിയതിന്  യുവതിക്ക് ഓട്ടോഡ്രൈവറുടെ മര്‍ദനം. ബെംഗളുരുവിലാണ്  ഓണ്‍ലൈന്‍ ടാക്സി സര്‍വീസായ ഒല വഴി ഓട്ടോ ബുക്ക് ചെയ്ത യുവതി  അക്രമത്തിന് ഇരയായത്. സംഭവത്തില്‍ ഒല അന്വേഷണം പ്രഖ്യാപിച്ചു. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് എഡിജിപിയും പ്രഖ്യാപിച്ചു.

ബുധനാഴ്ചയാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്. യുവതിയും സുഹൃത്തും ഓരോ ഓട്ടോ ബുക്ക് ചെയ്തു. സുഹൃത്തിന്‍റെ ഓട്ടോ ആദ്യമെത്തിയതോടെ യുവതി തന്‍റെ ട്രിപ്പ് റദ്ദാക്കി സുഹൃത്തിനൊപ്പം ഓട്ടോയില്‍ കയറി. ഇത് പിന്നാലെ എത്തിയ ഡ്രൈവര്‍ കണ്ടു. കുപിതനായ അയാള്‍ യുവതിയെ പിന്തുടര്‍ന്നെത്തി അസഭ്യവര്‍ഷം നടത്തി. കാര്യം വിവരിക്കാന്‍ യുവതി ശ്രമിച്ചിട്ടും അത് കേള്‍ക്കാതെ 'ഓട്ടോ നിന്‍റെ അച്ഛന്‍റേതാണോ എന്നും, ഓട്ടോയില്‍ നിറയ്ക്കാനുള്ള ഗ്യാസിന് അച്ഛന്‍ പണം നല്‍കുമോ എന്നും ആക്രോശിച്ചു. ഇത് ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെ അടിച്ചുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. 

അക്രമാസക്തനായ വ്യക്തി ഓട്ടോയിലേക്ക് പാഞ്ഞുകയറി വന്ന് അക്രമം നടത്തുമ്പോള്‍ ഇവര്‍ യാത്ര ചെയ്ത ഓട്ടോയുടെ ഡ്രൈവര്‍ പിടിച്ചു മാറ്റാന്‍ പോലും ശ്രമിച്ചില്ലെന്നും റോഡിലുണ്ടായിരുന്ന മറ്റുള്ളവരും കാഴ്ചക്കാരായി നിന്നുവെന്നും യുവതി സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. ചെരുപ്പൂരി അടിക്കുമെന്ന് ഓട്ടോ ഡ്രൈവര്‍ ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. 

സംഭവം നടുക്കമുളവാക്കുന്നതാണെന്നും ഇത്തരം പ്രവര്‍ത്തികള്‍ വച്ചുപൊറുപ്പിക്കില്ലെന്നുമായിരുന്നു എഡിജിപി അലോക് കുമാറിന്‍റെ പ്രതികരണം. ഇങ്ങനെയുള്ള കുറച്ച് പേരാണ് ഓട്ടോഡ്രൈവര്‍മാര്‍ക്ക് മുഴുവന്‍ ചീത്തപ്പേരുണ്ടാക്കുന്നതെന്നും സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. സംഭവത്തില്‍ നടപടിയുണ്ടാകുമെന്നും ആവശ്യമായ സഹായം ചെയ്യുമെന്നും ഒലയും അറിയിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

In Bengaluru, a woman has accused an auto driver of harassment and physical assault after canceling an Ola ride. The ADGP has ensured that legal action will be taken.