ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ നിന്ന് അമ്മയെ രക്ഷപെടുത്തി മകള്‍. മംഗലാപുരം കിന്നിഗോലിയിലെ രാംനഗറിലാണ് നിയന്ത്രണം വിട്ട് എത്തിയ ഓട്ടോ സ്ത്രീയെ ഇടിച്ചുതെറിപ്പിച്ച് അവരുടെ മുകളിലേക്ക് മറിഞ്ഞത്. ഇത് കണ്ട് ഓടിയെത്തിയ സ്കൂള്‍ വിദ്യാര്‍ഥിയായ മകള്‍ ഓട്ടോറിക്ഷ പൊക്കി മാറ്റി അമ്മയെ പുറത്തെടുത്തു.
ചേതന(35) എന്ന സ്ത്രീയാണ് അപകടത്തില്‍പ്പെട്ടത്. ഇവരുടെ പരുക്ക് ഗുരുതരമാണ്. അമ്മയെ രക്ഷിക്കാന്‍ സമയോചിതമായി മകള്‍ നടത്തിയ ഇടപെടലിനെ പ്രശംസിച്ചാണ് സമൂഹമാധ്യമങ്ങളില്‍ വിഡിയോയ്ക്ക് താഴെ കമന്റുകള്‍ നിറയുന്നത്. അപകടത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കും ഓട്ടോറിക്ഷയിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ വൈഭവിയെ ട്യൂഷന്‍ കഴിഞ്ഞ് കൂട്ടാനായി പോവുകയായിരുന്നു അമ്മ ചേതന. അമ്മ അപകടത്തില്‍പ്പെട്ട സമയം പെട്ടെന്ന് പ്രതികരിക്കാന്‍ പെണ്‍കുട്ടി കാണിച്ച ധൈര്യം അഭിനന്ദിക്കേണ്ടതാണെന്നും അവള്‍ ഹീറോ ആണെന്നുമെല്ലാമാണ് സമൂഹമാധ്യമങ്ങളില്‍ കമന്റുകള്‍ ഉയരുന്നത്.