ഇത്തവണ ഓണത്തിന്‍റെ ആഘോഷങ്ങള്‍ കുറച്ച് അതിന്‍റെ തുക വയനാടിന് നല്‍കുകയാണ് മുംബൈയിലെ മലയാളികള്‍ ഉള്‍പ്പെടുന്ന കൂട്ടായ്മ. മുംബൈ ബിഎസ്എന്‍എല്‍ ആസ്ഥാനത്തെ ജീവനക്കാരുടെ ഓണാഘോഷം അത്തരത്തില്‍ വേറിട്ട ഒന്നായിരുന്നു.
ഓണം നാട്ടിലേക്കാള്‍ കേമമായി കൊണ്ടാടുന്ന പതിവുണ്ട് മുംബൈ മലയാളികള്‍ക്ക്. ഏതാണ്ട് മൂന്ന് മാസം നീളുന്ന ആഘോഷങ്ങളില്‍ മറുനാട്ടുകാരും പങ്കാളികളാകും. ഇത്തവണ പക്ഷേ അങ്ങനെയല്ല. വയനാടിനോട് ഐക്യപ്പെടുകയാണ് എല്ലാവരും. ദുരന്തഭൂമിയിലേക്ക് ഒരു കൈത്താങ്ങ് എന്ന തീരുമാനം മുംബൈയിലെ ബിഎസ്എന്‍എല്‍ ജീവനക്കാര്‍ എടുത്തു. മലയാളികള്‍ മാത്രമല്ല. മറുനാട്ടുകാരും അതിനൊപ്പം ചേര്‍ന്നു. ഓഫിസിലെ ഓണം, ചെറിയ അലങ്കാരത്തിലും പൂക്കളത്തിലും നിര്‍ത്തി. പതിവ് സദ്യയും ഇക്കുറി ഇല്ല.
ഓണത്തിനായി സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. മുംബൈയിലെ മറ്റ് മലയാളി സംഘടനകളും ഇത്തരത്തില്‍ ആഘോഷത്തിന്‍റെ പകിട്ട് അല്‍പ്പം കുറച്ച് വയനാട്ടിനൊപ്പം കൈകോര്‍ക്കാനുള്ള തയാറെടുപ്പിലാണ്.