വയനാട്ടില്‍ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ വേഗത്തിലാക്കുമ്പോഴും ആദ്യ പട്ടികയില്‍ ഇടം പിടിച്ചിട്ടില്ലാത്തവരുടെ കണ്ണീര്‍ തോരുന്നില്ല. ഉരുളെടുത്ത മണ്ണിലെ അവശേഷിപ്പുകളില്‍ നോക്കി നെടുവീര്‍പ്പിടുമ്പോഴും സ്വന്തമായി ഒരു കിടപ്പാടത്തിന് ഇനിയും എത്രകാലം കാത്തിരിക്കണമെന്നാണ് ഇവരുടെ ചോദ്യം
വെളളരി മല തകര്‍ത്തെത്തിയ കൂറ്റന്‍ പാറയും മണ്ണും വീട്ടിലേക്കുള്ള വഴി മാത്രമല്ല, സൈദലവിയുടെ ജീവിത വഴി തന്നെ അടച്ചുകളഞ്ഞു. മരവിച്ച മനസുമായി വല്ലപ്പോഴും പുഞ്ചിരിമട്ടത്തെ വീട്ടിലേക്ക് വരും..കനം തൂങ്ങിയ മനസുമായി കുറച്ചുനേരമിരിക്കും
ഉരുള്‍ പൊട്ടിയ ജൂലൈ 30 ന് ബന്ധുവീട്ടിലായതു കൊണ്ടു മാത്രമാണ് രക്ഷപെട്ടത്. ബലക്ഷയം സംഭവിച്ച വീട്ടില്‍ മാത്രമല്ല, ഉച്ചി പൊട്ടിയ വെള്ളരി മലയുടെ താഴ്വാരത്ത് പോലും താമസിക്കാനാകില്ല. പക്ഷേ സര്‍ക്കാരിന്‍റെ പുനരധിവാസ പട്ടികയില്‍ സെയ്ദലവിയുടെ
പേരില്ല, അതായത് നഷ്ട പരിഹാരം പോലും ലഭിക്കില്ലെന്ന് അര്‍ത്ഥം. വാടക വീട്ടിലാകട്ടെ അസൗകര്യങ്ങളുടെ നടുവിലാണ് പലരുടേയും താമസം.
സെയ്ദലവിയെപ്പോലെ ദുരന്തസ്ഥലം കണ്ട് കണ്ണ് നിറഞ്ഞ് തിരികെ പോരുന്നവര്‍ നിരവധിയാണ്. പഴയതുപോലെ സ്വന്തമെന്ന് പറയാവുന്ന ഒരു വീട്ടില്‍ കുഞ്ഞുങ്ങള്‍ക്കൊപ്പം എന്ന് അന്തിറയുറങ്ങാന്‍ ആകുമെന്ന് അറിയില്ല. വിട്ടുപോയവരെ ഉള്‍പ്പെടുത്തുമെന്ന ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും വാക്കിലാണ് സെയ്ദലവിയെപ്പോലുള്ളവരുടെ പ്രതീക്ഷ