ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം തുടരും. സംസ്ഥാന സര്‍ക്കാരും ഡോക്ടര്‍മാരും തമ്മിലുള്ള രണ്ടാംഘട്ട ചര്‍ച്ചയും പരാജയപ്പെട്ടു. വാക്കാലുള്ള ഉറപ്പുകള്‍ക്കപ്പുറം നിര്‍ദേശങ്ങള്‍ എഴുതി നല്‍കാന്‍ ചീഫ് സെക്രട്ടറി വിസമ്മതിച്ചെന്ന് ഡോക്ടര്‍മാര്‍ ആരോപിച്ചു.
സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സുരക്ഷയെക്കുറിച്ച് സര്‍ക്കാര്‍ രേഖാമൂലം നിര്‍ദേശം പുറപ്പെടുവിക്കുംവരെ ജോലി നിര്‍ത്തിവച്ച് സമരം തുടരാനാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ തീരുമാനം. ചര്‍ച്ചകളില്‍ ഉറപ്പ് ലഭിച്ചു. എന്നാല്‍ രേഖയില്‍ യാതൊന്നുമില്ല. ബംഗാള്‍ സര്‍ക്കാരിന്‍റെ മനോഭാവത്തില്‍ നിരാശയെന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍. ആവശ്യങ്ങള്‍ ഉന്നയിച്ച് വീണ്ടും ഒരു ഇ–മെയില്‍ സന്ദേശമയയ്ക്കുമെന്നും നിഷേധാത്മക സമീപനം തുടര്‍ന്നാല്‍ സമരം ശക്തമാക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.
ആരോഗ്യസെക്രട്ടറി എന്‍.എസ്.നിഗത്തിനെതിരെ വകുപ്പുതല അന്വേഷണം നടത്തണമെന്ന ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ച മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വസതിയില്‍ വച്ച് നടന്ന ചര്‍ച്ചയില്‍ ഡോക്ടര്‍മാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ഭൂരിപക്ഷവും അംഗീകരിച്ചിരുന്നു. കൊല്‍ക്കത്ത പൊലീസ് കമ്മിഷണറെയും മാറ്റി.
ഇന്നലെ ചീഫ് സെക്രട്ടറിയും ജൂനിയര്‍ ഡോക്ടര്‍മാരുടെ 30 അംഗ പ്രതിനിധി സംഘവും തമ്മിലാണ് ചര്‍ച്ച നടന്നത്. ആര്‍ജി കാര്‍ മെഡിക്കല്‍ കോളജില്‍ ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കഴിഞ്ഞമാസം ഒന്‍പതാം തീയതി മുതല്‍ സംസ്ഥാന വ്യാപക സമരത്തിലാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍.