Image: ANI

Image: ANI

TOPICS COVERED

വെള്ളം നിറച്ചെത്തിയ ടാങ്കര്‍ ലോറി നടുറോഡില്‍ പെട്ടെന്ന് രൂപപ്പെട്ട വന്‍ ഗര്‍ത്തത്തില്‍ വീഴുന്നതിന്‍റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. പൂണെയിലാണ് സംഭവം. അപകടത്തിന്‍റെ നടുക്കുന്ന  സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെ വൈകുന്നേരം നാലുമണിയോടെ ബുധ്​വാര്‍പേട്ട് റോഡിലാണ് അപകടമുണ്ടായത്. 

പൂണെ മുനിസിപ്പല്‍ കോര്‍പറേഷന്‍റെ ട്രക്കാണ് കുഴിയില്‍ വീണത്. ചെളി വെള്ളം നിറഞ്ഞ ഗര്‍ത്തത്തിലേക്ക് ടാങ്കര്‍ വീണതും ഡ്രൈവര്‍ അതിവിദഗ്ധമായി പുറത്തിറങ്ങുകയായിരുന്നു. വിവരമറിഞ്ഞയുടന്‍ തന്നെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി. ക്രെയിന്‍ എത്തിച്ച് ട്രക്ക് കുഴിയില്‍ നിന്നും പുറത്തെടുത്തു. ഇന്‍റര്‍ലോക്ക് പാകിയിരുന്ന റോഡിലാണ് കുഴി പ്രത്യക്ഷമായത്. 

നടുറോഡില്‍ ഗുഹയ്ക്ക് സമാനമായ കുഴി എങ്ങനെ രൂപപ്പെട്ടുവെന്നതില്‍ അന്വേഷണം പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പ്രദേശവാസികള്‍ കടുത്ത ആശങ്കയിലാണ്. ചെറിയ വാഹനങ്ങളിലും, കാല്‍നടയായും റോഡിലൂടെ പോകുമ്പോള്‍ ഇത്തരം അപകടമുണ്ടായാല്‍ എന്ത് ചെയ്യുമെന്നും റോഡുകള്‍ സുരക്ഷിതമല്ലെന്നാണ് ഈ സംഭവം മുന്നറിയിപ്പ് നല്‍കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. 

അതേസമയം, പൂണെ ഭൂഗര്‍ഭ മെട്രോയുടെ പണി ഈ ഭാഗങ്ങളില്‍ പുരോഗമിക്കുന്നതാണ് അപകടത്തിന് കാരണമായതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഈ പ്രദേശത്തെ ഭൂമിക്ക് മൊത്തത്തില്‍ ഇളക്കം തട്ടിയെന്നും അതാണ് റോഡ് ഇടിയാന്‍ കാരണമായതെന്നുമാണ് ചിലര്‍ പറയുന്നത്. 

ENGLISH SUMMARY:

Pune municipal body's water tanker vanished inside a large hole that emerged on a road suddenly in a couple of seconds.