ഇന്ത്യന്‍ ഹോക്കി താരവും പത്മശ്രീ ജേതാവുമായ റാണി രാംപാൽ എയര്‍ ഇന്ത്യ യാത്രക്കാരുടെ ലഗേജ് കൈകാര്യം ചെയ്യുന്ന രീതിക്കെതിരെ രംഗത്ത്. കാനഡയില്‍ നിന്നും ഇന്ത്യയില്‍ എത്തിയതിന് പിന്നാലെയാണ് തകര്‍ന്ന രീതിയില്‍ എയര്‍ ഇന്ത്യ തിരിച്ചു നല്‍‌കിയ തന്‍റെ ലഗേജിന്‍റെ ചിത്രവുമായാണ് റാണി രാംപാൽ രംഗത്തെത്തിയിരിക്കുന്നത്.

‘നന്ദി, ഇത് വലിയൊരു സര്‍പ്രൈസാണ്. ഇങ്ങനെയാണോ നിങ്ങളുടെ തൊഴിലാളികള്‍‌ ഞങ്ങളുടെ ലഗേജുകള്‍ കൈകാര്യം ചെയ്യുന്നത്’ എന്നു കുറിച്ചാണ് റാണി തകര്‍‌ന്ന തന്‍റെ ട്രോളി ബാഗിന്‍റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. റാണിയുടെ പോസ്റ്റ് വൈറലായതിന് പിന്നാലെ പ്രതികരണവുമായി എയര്‍ ഇന്ത്യയും രംഗത്തെത്തി. ‘താങ്കള്‍ക്കുണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു. ദയവായി നിങ്ങളുടെ ടിക്കറ്റ് വിവരങ്ങള്‍, ബാഗ് ടാഗ് നമ്പര്‍, ഡാമേജ് കംപ്ലൈന്‍റ് നമ്പര്‍, ഡിബിആര്‍ കോപി, എന്നിവ ഞങ്ങളുമായി പങ്കിടുക. വേണ്ടത് ചെയ്യാം’ എയര്‍ ഇന്ത്യ മറുപടിയായി കുറിച്ചു.

അതേസമയം സംഭവത്തില്‍ എയര്‍ഇന്ത്യയ്ക്കെതിരെ വന്‍വിമര്‍ശനമാണ് ഉയരുന്നത്. കമ്പനി പ്രതികരണവുമായി രംഗത്തെത്തിയെങ്കിലും വളരെ വൈകിപ്പോയെന്നും അപര്യാപ്തമെന്നുമാണ് നെറ്റിസണ്‍സിന്‍റെ പ്രതികരണം. അതേസമയം, ‌‌സമാനമായ അനുഭവം പങ്കുവെച്ച് മറ്റുള്ളവരും എത്തുന്നുണ്ട്. ‘എയർ ഇന്ത്യയുടെ സേവനം ഇങ്ങനെ തന്നെയാണ്. മാസങ്ങൾക്ക് മുമ്പ് എന്‍റെ വിലകൂടിയ ഹെഡ്ഫോണ്‍ ഞാന്‍ എയര്‍പോര്‍ട്ടില്‍ മറന്നുവച്ചു. ഉടൻ തന്നെ ഇമെയിൽ വഴി റിപ്പോർട്ട് ചെയ്തെങ്കിലും ഇന്നുവരെ പ്രതികരണമൊന്നും ലഭിച്ചിട്ടില്ല’ മറ്റൊരു ഉപയോക്താവ് കുറിച്ചു. എയർ ഇന്ത്യ തങ്ങളുടെ ഉപഭോക്തൃ സേവനം വർദ്ധിപ്പിക്കുകയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യണമെന്നാണ് സോഷ്യല്‍മീഡിയ ഒന്നായി ആവശ്യപ്പെടുന്നത്.

അതേസമയം, ഇന്‍ഡിഗോയില്‍ തനിക്ക് നേരിട്ട സമാന അവസ്ഥയെ ചൂണ്ടിക്കാട്ടി മറ്റൊരാളും രംഗത്തെത്തിയിട്ടുണ്ട്. പിടി തകർന്ന നിലയില്‍, രണ്ട് വലിയ ദ്വാരങ്ങളും വിള്ളലുകളുമായാണ് തന്‍റെ ലഗേജ് ലഭിച്ചതെന്നാണ് അദ്ദേഹം കുറിച്ചത്. ‘ഡൽഹിയിൽ എനിക്കും സമാന അനുഭവം ഉണ്ടായിട്ടുണ്ട്. ബാഗ് തിരികെ കിട്ടിയപ്പോള്‍ അതിന്‍റെ ചക്രങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ബാഗ് കീറിയ അവസ്ഥയിലായിരുന്നു. പക്ഷേ എനിക്ക് തർക്കിക്കാൻ സമയമില്ലായിരുന്നു’ മറ്റൊരാള്‍ കുറിച്ചു.

ENGLISH SUMMARY:

Indian hockey player and Padma Shri awardee Rani Rampal has spoken out against the way Air India handles luggage. She shared a picture of her damaged luggage after arriving in India from Canada, highlighting her disappointment with the airline's service.