ഇന്‍റര്‍നെറ്റില്‍ വൈറലായി യാത്രക്കാര്‍ക്കായുള്ള കാബ് ഡ്രൈവറുടെ ആറ് നിയമങ്ങള്‍. ‘സഹോദരാ എന്ന വിളി വേണ്ട എന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് ഇയാള്‍ തന്‍റെ കാബിന്‍റെ സീറ്റുകളില്‍ യാത്രക്കാര്‍ക്ക് കാണുന്ന തരത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. സംഭവം റെഡ്ഡിറ്റിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയായിരുന്നു. കാബ് ഡ്രൈവറെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്തുണ്ട്.
‘നിങ്ങളല്ല ഈ കാബിന്‍റെ ഉടമ, കാബ് ഓടിക്കുന്നയാളാണ് ഉടമസ്ഥന്‍, മാന്യമായി സംസാരിക്കുക ബഹുമാനം വാങ്ങുക, വാതില്‍ പതിയെ അടയ്ക്കുക, നിങ്ങളുടെ ആറ്റിറ്റ്യൂഡ് നിങ്ങളുടെ പോക്കറ്റില്‍ സൂക്ഷിച്ചാല്‍ മതി... ഞങ്ങളോട് കാണിക്കേണ്ട കാരണം നിങ്ങളല്ല ഞങ്ങള്‍ക്ക് ചിലവിന് നല്‍കുന്നത്’ എന്നിങ്ങനെയാണ് കാബ് ഡ്രൈവറുടെ നിര്‍ദേശങ്ങള്‍. വേഗത കൂട്ടാന്‍ പറയരുത്, സമയത്തിനെത്തുക എന്ന ഒരു നിര്‍ദേശം കൂടിയുണ്ട്.
അതേസമയം, ക്യാബ് ഡ്രൈവറെ അനുകൂലിച്ചും പ്രതികൂലിച്ചും നെറ്റിസണ്‍സ് രംഗത്തെത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ മിക്ക ആവശ്യങ്ങളും ന്യായമാണ് എന്നാല്‍ ‘സഹോദരാ’ എന്ന വിളി വേണ്ട എന്നതിന്‍റെ അര്‍ഥം മനസിലാകുന്നില്ല എന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്. ഇത് വിചിത്രമാണ്. അഭിസംബോദന ചെയ്യേണ്ട ഒരു വാക്കു മാത്രമാണിത്. അതില്‍ തെറ്റായി എന്തെങ്കിലും ഉള്ളതായി തോന്നുന്നില്ല’ ഇയാള്‍ കുറിച്ചു.
‘യാത്രക്കാർ പണം നൽകിയാണ് കാബില്‍ കയറുന്നതെങ്കിലും വാഹനം അവരുടേതല്ലെന്ന് ക്യാബ് ഡ്രൈവര്‍ വ്യക്തമാക്കുകയാണ്. പതിയെ വാതില്‍ അടയ്ക്കുക, മാന്യമായി സംസാരിക്കുക തുടങ്ങിയവ അടിസ്ഥാന മര്യാദകളാണ്. ഡ്രൈവർമാരെ ബഹുമാനിക്കാത്ത ഒരു രാജ്യത്ത്, നിർഭാഗ്യവശാൽ അവർക്ക് അത് ആവശ്യപ്പെടേണ്ടി വരുന്നു. നല്ല നീക്കം’ മറ്റൊരാള്‍ കുറിച്ചു. അദ്ദേഹം പറഞ്ഞത് ശരിയാണെന്നും നിര്‍ദേശങ്ങളില്‍ തെറ്റില്ലെന്നും മറ്റൊരാളും അഭിപ്രായപ്പെട്ടു. ക്യാബ് ഡ്രൈവർമാരെയും ഡെലിവറി എക്സിക്യൂട്ടീവുകളെയും വിലകുറച്ച് കാണുന്ന ശീലം നമ്മുടെ നാട്ടിലെ ആളുകൾക്കുണ്ട്’ അയാള്‍ പറഞ്ഞു.