youth-death

TOPICS COVERED

മധ്യപ്രദേശില്‍ ഭോപ്പാലിനടുത്തുള്ള സാഹപുരയില്‍ റെയില്‍വേ മേല്‍പാലത്തില്‍ നിന്നും ചാടി 19 വയസുകാരൻ ജീവനൊടുക്കി. ചാർട്ടേഡ് അക്കൗണ്ടൻസി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന അനിൽ ഗോലിയയാണ് മരിച്ചത്. ഞാന്‍ പോകുന്നു, മാതാപിതാക്കളെ നോക്കണമെന്നും സഹോദരനെ വിളിച്ചു പറഞ്ഞ ശേഷമാണ് യുവാവ് ആത്മഹത്യ ചെയ്തത്. സഹോദരന്‍ സംഭവസ്ഥലത്ത് എത്തുമ്പോളേക്കും അനില്‍ പാലത്തില്‍ നിന്ന് ചാടിയിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിയെങ്കിലും മരിച്ചു.

വെള്ളിയാഴ്ച പുലർച്ചെ 1.30 ഓടെ അജയ് വീട്ടിലെത്തുമ്പോളാണ് അനിലിനെ കാണാനില്ലെന്നറിയുന്നത്. ഇതിനിടയില്‍ അനില്‍ അജയ്‌യുടെ മൊബൈലില്‍ വിളിക്കുകയും അമ്മയേയും അച്ഛനേയും നോക്കണമെന്നും തനിക്ക് ഇനി ജീവിക്കാൻ താൽപ്പര്യമില്ലെന്നും പറഞ്ഞ് കോള്‍ കട്ട് ചെയ്തു. ഭയന്ന അജയ് അനിലിനായി തിരച്ചിൽ ആരംഭിച്ചു. കണ്ടെത്താനാകാതെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അനില്‍ സ്ഥിരം വന്നിരിക്കാറുള്ള ബവാദിയ കാലൻ റെയില്‍വേ മേല്‍പാലത്തിലെത്തുന്നത്. അജയ് എത്തിയപ്പോള്‍ പാലത്തിനടിയിൽ വീണ് പരിക്കേറ്റ് കിടക്കുന്ന അനിലിനെയാണ് കണ്ടത്. ഉടന്‍ തന്‍റെ ബൈക്കില്‍ അനിലിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും അച്ഛനെ അറിയിക്കുകയും ചെയ്തു. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് അനിലിനെ എയിംസിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ അപ്പോളേക്കും മരിച്ചിരുന്നു.

അതേസമയം, അനില്‍‌ ജീവനൊടുക്കാനുണ്ടായ കാരണം വ്യക്തമല്ല. ആത്മഹത്യയിലേക്ക് നയിക്കുന്ന തരത്തിലുള്ള പ്രശ്നങ്ങളൊന്നും അനിലിന് ഉണ്ടായിരുന്നില്ലെന്ന് കുടുംബം പൊലീസിനോട് പറഞ്ഞു. ഈശ്വർ നഗർ സ്വദേശിയാണിയാള്‍. അനിലിന്‍റെ സഹോദരന്‍ അജയ് ഒരു ഫർണിച്ചർ ഷോറൂമിൽ ജോലി ചെയ്യുകയാണ്. സംഭവത്തില്‍ അനിലിന്‍റെ മൊബൈല്‍ ഫോണില്‍ നിന്നുള്ള വിവരങ്ങളും കുടുംബാംഗങ്ങളിൽ നിന്നുള്ള മൊഴികളും കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്.

ENGLISH SUMMARY:

A 19-year-old boy committed suicide by jumping from a railway flyover at Sahapura near Bhopal in Madhya Pradesh. The young man committed suicide after calling his brother to look after his parents.