mp-leopard-attack
  • വിളിച്ചുവരുത്തിയ ദുരന്തം
  • പുലിയെ കൈകാട്ടി വിളിച്ചു, പാഞ്ഞെത്തി കടിച്ചുകീറി പുലി

മധ്യപ്രദേശില്‍ പിക്നിക്കിനുപോയവര്‍ വനാതിര്‍ത്തിയില്‍ നിന്ന പുലിയെ വിളിച്ചുവരുത്തി കടി ഇരന്നുവാങ്ങി. എ.എസ്.ഐ അടക്കം പുലിയുടെ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതരപരുക്കേറ്റു. ഷാദോല്‍ ജില്ലയിലെ ഖിതോലി ഗ്രാമത്തില്‍ ഇന്നലെയാണ് സംഭവം. ഇവിടെ വനത്തോടുചേര്‍ന്ന പുല്‍ത്തകിടിയില്‍ പിക്നിക്കിന് എത്തിയവര്‍ക്കാണ് പുലിയുടെ കടിയേറ്റത്. പുലി ആളുകളെ ആക്രമിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.

മലഞ്ചെരിവിലുള്ള പുല്‍ത്തകിടിയില്‍ വൈകുന്നേരം ആസ്വദിക്കുകയായിരുന്ന സംഘത്തില്‍ ചിലര്‍ ദൂരെ കുറ്റിക്കാടുകളില്‍ മറഞ്ഞുനിന്ന പുലിയെ കണ്ടു. തമാശയ്ക്ക് ‘ആജാ..ആ...ആജാ’ (വാടാ, വാ) എന്ന് ചിലര്‍ പുലിയെ കൈ കാട്ടി വിളിക്കുന്നത് വിഡിയോയിലുണ്ട്. തൊട്ടടുത്ത നിമിഷം കളി കാര്യമായി. പുലി ആളുകള്‍ക്കരികിലേക്ക് കുതിച്ചെത്തുന്നതാണ് പിന്നെ കണ്ടത്. ‘പുലി വരുന്നേ...’ എന്ന് ഉറക്കെ നിലവിളിച്ച് ഓടുന്നതായിരുന്നു അടുത്ത കാഴ്ച. 

പാഞ്ഞെത്തിയ പുലി ആദ്യം കിട്ടിയ ആളെ കടിച്ചുകീറി. പിന്നീട് തൊട്ടടുത്തുണ്ടായിരുന്ന യുവാവിനെയും യുവതിയെയും ആക്രമിച്ചു. ഇരുപത്തഞ്ചുകാരിയായ യുവതിയുടെ തലയില്‍ ആഴത്തില്‍ കടിയേറ്റു. ഷാദോല്‍ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ നിതിന്‍ സാംദരിയ, 23 വയസുള്ള ആകാശ് കുശ്‍വാഹ, 25 വയസുള്ള നന്ദിനി സിങ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. മൂന്നുപേരും ഷാദോല്‍ സ്വദേശികളാണ്. പുലിയുടെ ആക്രമണം നടക്കുമ്പോള്‍ അന്‍പതോളം പേര്‍ സ്ഥലത്തുണ്ടായിരുന്നുവെന്ന് സൊഹാഗ്പുര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ഭൂപേന്ദ്ര മണി പാണ്ഡേ അറിയിച്ചു.

ENGLISH SUMMARY:

In Madhya Pradesh's Shahdol district, a group on a picnic near the forest border provoked a hidden tiger, leading to a violent attack. The group called out to the tiger in jest, but the situation turned serious as the tiger charged towards them. Three people, including ASI Nitin Samdariya, sustained severe injuries in the attack, with one woman being bitten deeply on the head. Around 50 people were present during the incident, and a video of the attack has gone viral on social media.