ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ഡാന ചുഴലിക്കാറ്റ് വേഗമാര്‍ജിക്കുന്നു. വൈകിട്ട് ആറുമണിയോടെ അതിതീവ്രമാകും. ഇപ്പോള്‍ മണിക്കൂറില്‍ 80–90 കിലോമീറ്റര്‍ വേഗമുള്ള കാറ്റ് വൈകുന്നേരത്തോടെ 100–110 കിലോമീറ്റര്‍ വേഗമാര്‍ജിക്കും. പരമാവധി വേഗം 120 കിലോമീറ്റര്‍ വരെയെത്താന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. നാളെ അര്‍ധരാത്രി വരെ കാറ്റ് ഇതേ തീവ്രതയില്‍ തുടരും. വെള്ളിയാഴ്ച ഉച്ചയോടെ തീവ്രത കുറഞ്ഞ് 26ന് വീണ്ടും ന്യൂനമര്‍ദമായി മാറും.
അപകടസാധ്യതയേറിയ ഡാന ചുഴലിക്കാറ്റിനെ നേരിടാന്‍ ഒഡിഷ സര്‍വസന്നാഹവുമൊരുക്കി. ഈസ്റ്റ് കോസ്റ്റ് റെയില്‍വേ 200 ട്രെയിനുകള്‍ റദ്ദാക്കി. ബാലാസോര്‍, ഭദ്രക്, കേന്ദ്രപ്പാഡ, മയൂര്‍ഭഞ്ജ്, ജഗത്‍സിങ്പുര്‍, പുരി എന്നീ ജില്ലകളിലാണ് ഏറ്റവും അപകടസാധ്യതയുള്ളത്. ചുഴലിക്കാറ്റ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച ആറ് ഐഎഎസ് ഉദ്യോഗസ്ഥരെ ഈ ജില്ലകളില്‍ വിന്യസിച്ചു. പുരിക്കും ബംഗാള്‍ അതിര്‍ത്തിക്കുമിടയിലൂടെയാണ് ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കുന്നത്. കനത്ത നാശനഷ്ടങ്ങള്‍ പ്രതീക്ഷിക്കുന്നതിനാല്‍ ആളപായം ഒഴിവാക്കാനാണ് സര്‍ക്കാരിന്‍റെ തീവ്രശ്രമം.
മുന്നൊരുക്കങ്ങളുടെ ഭാഗമായി 14 ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു. ചുഴിക്കാറ്റിനൊപ്പം അതിശക്തമായ മഴയും ഉണ്ടാകും. മിന്നല്‍പ്രളയങ്ങള്‍ക്കും സാധ്യതയുണ്ട്. ഇതുകണക്കിലെടുത്ത് ടൂറിസം കേന്ദ്രങ്ങളെല്ലാം അടച്ചു. മ്യൂസിയങ്ങളും പൈതൃകസ്മാരകങ്ങളും അടുത്ത രണ്ടുദിവസം തുറക്കില്ല. അപകടസാധ്യതാമേഖലകളില്‍ നിന്ന് ഒഴിപ്പിക്കുന്നവരെ പാര്‍പ്പിക്കാന്‍ 800 സൈക്ലോണ്‍ ഷെല്‍റ്ററുകളും 500 താല്‍ക്കാലിക ഷെല്‍റ്ററുകളും തുറന്നു. ആഹാരം, മരുന്ന്, കുടിവെള്ളം തുടങ്ങി എല്ലാ അവശ്യവസ്തുക്കളും ഷെല്‍റ്ററുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്.
എല്ലാ എംഎല്‍എമാരും അതത് മണ്ഡലങ്ങളില്‍ തുടരണമെന്ന് മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി നിര്‍ദേശിച്ചു. പച്ചക്കറികള്‍ക്കും അവശ്യവസ്തുക്കള്‍ക്കും അമിതമായി വിലവര്‍ധിക്കുന്നത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ലീവിലുള്ള ആരോഗ്യവകുപ്പ് ജീവനക്കാരോട് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒഡിഷ ദുരന്തപ്രതിരോധ സേനയുടെ 20 യൂണിറ്റുകളും ദേശീയ ദുരന്തനിവാരണ സേനയുടെ 10 യൂണിറ്റുകളും ഡാന ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുള്ള ജില്ലകളില്‍ സജീവമാണ്.