അതിഭീകരമായ ചുഴലിക്കാറ്റുകള്‍ നേരിടുന്നതില്‍ വീണ്ടും പ്രാഗല്‍ഭ്യം തെളിയിച്ച് ഒഡിഷ. ശക്തമായ വീശിയടിച്ച ഡാന ചുഴലിക്കാറ്റ് വസ്തുവകകള്‍ക്ക് നാശമുണ്ടാക്കിയെങ്കിലും ഒറ്റ ജീവന്‍ പോലും എടുത്തില്ല. ‘സീറോ ഡെത്ത്’ നയം വിജയം കണ്ടെന്ന് മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി പ്രഖ്യാപിച്ചു. പണമോ വിഭവശേഷിയോ മാത്രമല്ല കൃത്യമായ മുന്നൊരുക്കവും സഹകരണവും ബോധവല്‍കരണവുമാണ് പ്രകൃതി ദുരന്തങ്ങളെ ഫലപ്രദമായി നേരിടാന്‍ വേണ്ടതെന്നാണ് ഒഡിഷ ഒരിക്കല്‍ക്കൂടി രാജ്യത്തോട് പറയുന്നത്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുക്കുന്ന മിക്ക ചുഴലിക്കാറ്റുകളും എത്തുന്നത് ഒഡിഷ–ബംഗാള്‍ തീരങ്ങളിലാണ്. മുന്‍പ് വന്‍ ആള്‍നാശമുണ്ടാക്കിയിരുന്ന ചുഴലിക്കാറ്റുകളെ ഏതാനും വര്‍ഷങ്ങളായി ഒഡിഷ പിടിച്ചുകെട്ടിയെന്നുതന്നെ പറയാം. നവീന്‍ പട്നായിക് മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് ഒഡിഷയുടെ സൈക്ലോണ്‍ പ്ലാനുകളുടെ ഉദയം. അതിന്റെ തുടര്‍ച്ചയാണ് ‘ഡാന’യെ നേരിട്ടപ്പോഴും കണ്ടത്.
Also Read: ഡാന ചുഴലിക്കാറ്റ് കരതൊട്ടു...
മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജിയുടെ വാക്കുകള്‍ പോലെ മനുഷ്യജീവന് മുന്‍ഗണന നല്‍കിയുള്ള രക്ഷാപദ്ധതിയാണ് ഒഡിഷയുടേത്. ചുഴലിക്കാറ്റാകാന്‍ സാധ്യതയുള്ള ന്യൂനമര്‍ദം രൂപമെടുക്കുന്നുവെന്ന മുന്നറിയിപ്പ് വന്ന നിമിഷം തുടങ്ങി തയാറെടുപ്പുകള്‍. ചുഴലിക്കാറ്റിന്‍റെ ഗതിയെക്കുറിച്ചും വേഗത്തെക്കുറിച്ചും കൂടുതല്‍ നാശമുണ്ടാക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ചും കൃത്യമായ അറിയിപ്പുകള്‍ അപ്പപ്പോള്‍ ജനങ്ങളിലേക്കെത്തും. അപകടസാധ്യതാമേഖലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കലാണ് അടുത്തപടി. എംഎല്‍എമാരടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധപ്രവര്‍ത്തകരും ഇതിനായി അരയും തലയും മുറുക്കിയിറങ്ങും. ഒഴിയാന്‍ മടിക്കുന്നവരെ കാര്യം ബോധ്യപ്പെടുത്തി ഷെല്‍റ്ററുകളിലേക്ക് മാറാന്‍ പ്രേരിപ്പിക്കുന്നത് ഇവരാണ്.
800 സൈക്ലോണ്‍ ഷെല്‍റ്ററുകളും 500 താല്‍ക്കാലിക ഷെല്‍റ്ററുകളുമാണ് ഇക്കുറി ഒഡിഷ സര്‍ക്കാര്‍ ഒരുക്കിയത്. കുടിവെള്ളം, ഭക്ഷണം, മരുന്നുകള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയെല്ലാം ഷെല്‍റ്ററുകളില്‍ സജ്ജം. മന്ത്രിമാരടക്കമുള്ളവര്‍ നേരിട്ട് ഷെല്‍റ്ററുകള്‍ പരിശോധിച്ച് ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്തും. 6 ലക്ഷം പേരെയാണ് ഡാന ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ 6 ജില്ലകളില്‍ നിന്ന് ഒഴിപ്പിച്ചത്. കലക്ടര്‍മാരായിരിക്കേ ചുഴലിക്കാറ്റ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പരിചയമുള്ള 6 മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കായിരുന്നു ഓരോ ജില്ലയിലും ഏകോപനച്ചുമതല.
Also Read: ഡാന ചുഴലിക്കാറ്റെത്തി; ഒഡിഷയില്‍ അതീവജാഗ്രത
സംസ്ഥാന ദുരന്തപ്രതിരോധസേന, ദേശീയ ദുരന്തനിവാരണ സേന, ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍വീസ്, പൊലീസ്, സാമൂഹ്യപ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെയെല്ലാം കൃത്യമായി വിന്യസിക്കേണ്ട സ്ഥലങ്ങളില്‍ വിന്യസിച്ചും വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായ ഏകോപനം ഉറപ്പുവരുത്തിയുമാണ് ഇത്രവലിയ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നത്. റെയില്‍വേ, വ്യോമയാനവകുപ്പ് തുടങ്ങിയവയും ഇതിന്‍റെ ഭാഗമായിരുന്നു. ചുഴലിക്കാറ്റിന്‍റെ പ്രഹരമുണ്ടാകാനിടയുള്ള സമയങ്ങളില്‍ റെയില്‍, വ്യോമഗതാഗതം പൂര്‍ണമായി നിര്‍ത്തിവച്ചും നിയന്ത്രിച്ചും അപകടങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി.
കനത്ത കാറ്റില്‍ വൈദ്യുതി വിതരണശൃംഖലകള്‍ക്കും ആശയവിനിമയ സംവിധാനങ്ങള്‍ക്കും കാര്യമായ കേടുപാടുകളുണ്ടായി. ഇത് പ്രതീക്ഷിച്ചിരുന്നതുകൊണ്ടുതന്നെ അതിവേഗം അറ്റകുറ്റപ്പണികള്‍ തുടങ്ങാനും കഴിഞ്ഞു. ആളുകളെ ഒഴിപ്പിക്കുന്നതുപോലെ വാസയോഗ്യമായ വീടുകളുണ്ടെങ്കില്‍ അവിടേക്ക് തിരികെയെത്തിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. മാത്രമല്ല ആളില്ലാത്ത വീടുകളില്‍ മോഷണം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ സാധാരണയില്‍ക്കവിഞ്ഞ പൊലീസ് നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. ഉറപ്പില്ലാത്ത അനേകം വീടുകള്‍ ചുഴലിക്കാറ്റില്‍ തകര്‍ന്നു. ഇതെല്ലാം താല്‍ക്കാലികമായെങ്കിലും പുനസ്ഥാപിക്കുന്നതുവരെ അവിടെയുള്ളവരെ ഷെല്‍റ്ററുകളില്‍ത്തന്നെ തുടരാന്‍ അനുവദിക്കും.
ഒരുക്കങ്ങള്‍ ഒറ്റപ്പെട്ടതല്ല
ഇത് ഓരോ ചുഴലിക്കാറ്റും വരുമ്പോള്‍ മാത്രം നടത്തുന്ന ഒരുക്കങ്ങളല്ല. പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ ശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഓരോ വര്‍ഷവും ഒഡിഷ വര്‍ധിപ്പിച്ചുവരികയാണ്. സൈക്ലോണ്‍ ഷെല്‍റ്ററുകള്‍ മുതല്‍ ആശയവിനിമയസംവിധാനങ്ങളും ഒഴിപ്പിക്കല്‍ രീതികളും ലീഡര്‍ഷിപ്പുമെല്ലാം അനുഭവങ്ങളിലൂടെ ഉരുത്തിരിഞ്ഞും വികസിച്ചും പുരോഗമിച്ചും വന്നതാണ്. അവയെല്ലാം കൂടുതല്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ താല്‍പര്യമുള്ള ഉദ്യോഗസ്ഥ, രാഷ്ട്രീയ നേതൃത്വവും ഉണ്ടായി എന്നതും കണ്ടില്ലെന്ന് നടിക്കാനാവില്ല.
1999ല്‍ മാരകമായ സൂപ്പര്‍ സൈക്ലോണ്‍, 2013ല്‍ ഫൈലിന്‍, 2014ല്‍ ഹുഡ്ഹുഡ്, 2018ല്‍ തിത്‍ലി, 2019ല്‍ ഫാനി, 2020ല്‍ ഉംപുന്‍, 2021ലെ യാസ്... കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഒഡിഷ നേരിട്ട വമ്പന്‍ ചുഴലിക്കാറ്റുകളില്‍ ചില പേരുകളാണിത്. പതിനായിരത്തോളം പേര്‍ കൊല്ലപ്പെട്ട സൂപ്പര്‍ സൈക്ലോണില്‍ നിന്ന് ഫാനിയിലെത്തിയപ്പോള്‍ത്തന്നെ മരണം 64 ആയി കുറയ്ക്കാന്‍ ഒഡിഷയ്ക്ക് കഴിഞ്ഞു. അവിടെ നിന്ന് ഡാനയിലെത്തുമ്പോള്‍ മരണം പൂജ്യമായി മാറിയെന്നത് അവഗണിക്കാനാകാത്ത നേട്ടം തന്നെയാണ്.
കാലാവസ്ഥാ വ്യതിയാനം പ്രകൃതി ദുരന്തങ്ങളുടെ ആഘാതം വന്‍തോതില്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഇത് സാധിച്ചത് എന്നുകൂടി ഓര്‍ക്കണം. അതില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് കഴിയും. ഡാനയേക്കാള്‍ വലിയ ചുഴലിക്കാറ്റുകള്‍ വരും മാസങ്ങളിലും വര്‍ഷങ്ങളിലും നേരിടേണ്ടി വന്നേക്കാം. ചിലപ്പോള്‍ ചെറിയതോതില്‍ ആളപായവും സംഭവിച്ചേക്കാം. പക്ഷേ മനുഷ്യന്‍ ഒന്നിച്ചുനിന്നാല്‍ നേരിടാന്‍ കഴിയാത്തതായി ഒന്നുമില്ലെന്ന് പിന്നാക്ക സംസ്ഥാനമെന്ന് നമ്മള്‍ വിളിക്കുന്ന ഒഡിഷ കാണിച്ചുതരുന്നു. അത് കാണാം, കാണാതിരിക്കാം. ചോയിസ് നമ്മുടേതാണ്.