മുംബൈ എലിഫന്‍റ കേവ് ബോട്ടപകടത്തില്‍പ്പെട്ട മലയാളി ദമ്പതികള്‍ സുരക്ഷിതര്‍. പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശികളായിരുന്നു അപകടത്തില്‍പ്പെട്ടത്. ഇവര്‍ മുംബൈ ഡോക് യാര്‍ഡിലെത്തി. ആറുവയസുകാരനായ ഇവരുടെ മകനും ആശുപത്രി വിട്ട് വീട്ടിലെത്തി. മുംബൈയിലെ ജെഎന്‍പിടി ആശുപത്രിയിലാണ് കുട്ടിയുണ്ടായിരുന്നത്. അച്ഛനും അമ്മയും തനിക്കൊപ്പമുണ്ടായിരുന്നുവെന്നും അവരെ ഇപ്പോള്‍ കാണുന്നില്ലെന്നും കുട്ടി പറഞ്ഞതോടെയാണ് അന്വേഷണം ഊര്‍ജിതമാക്കിയതും തുടര്‍ന്ന് സുരക്ഷിതരാണെെന്ന് അറിഞ്ഞതും.
ഉല്ലാസയാത്രയ്ക്കായി എലിഫന്‍റ കേവിലേക്ക് പോയ യാത്രാബോട്ടില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. 20 കുട്ടികള്‍ ഉള്‍പ്പടെ നൂറിലേറെ യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. പുതിയ എഞ്ചിന്‍റെ ട്രയല്‍ റണ്‍ നടത്തുന്നതിനിടെയാണ് നിയന്ത്രണം വിട്ട സ്പീഡ് ബോട്ട് , യാത്രാബോട്ടിലേക്ക് ഇടിച്ചു കയറിയത്.
ഫെറി ബോട്ടില്‍ മതിയായ സൗകര്യങ്ങളൊന്നുമില്ലായിരുന്നുവെന്നും കൂട്ടിയിടിക്ക് ശേഷം അടിയന്തരമായി നല്‍കേണ്ട മുന്നറിയിപ്പുകളോ, അനൗണ്‍സ്മെന്‍റുകളോ ഒന്നും ജീവനക്കാര്‍ നല്‍കിയില്ലെന്നും ലൈഫ് ജാക്കറ്റുകള്‍ ധരിച്ച് ആളുകള്‍ വെള്ളത്തിലേക്ക് ചാടുകയായിരുന്നുവെന്നും രക്ഷപെട്ടവര്‍ പറഞ്ഞു.
ബോട്ടിന്‍റെ മുന്‍ഭാഗത്തേക്ക് വെള്ളം ഇരച്ച് കയറിയതും ആളുകള്‍ കൂട്ടത്തോടെ ബോട്ടിന്റെ പിന്നിലേക്ക് ഓടി. ഇതോടെ ബോട്ട് ഉയര്‍ന്ന് പൊങ്ങിയെന്നും പലരും നിലതെറ്റി വീണുവെന്നും രക്ഷപെട്ടവര്‍ വെളിപ്പെടുത്തി. ബോട്ട് ഉയരുന്നത് കണ്ടതും ലൈഫ് ജാക്കറ്റുമായി പ്രാണരക്ഷാര്‍ഥം വെള്ളത്തിലേക്ക് ചാടുകയായിരുന്നുവെന്നും അരമണിക്കൂറോളം കടലില്‍ കിടന്നശേഷമാണ് രക്ഷപ്രവര്‍ത്തകര്‍ എത്തിയതെന്നും രാം മിലന്‍ സിങ് എന്നയാള്‍ പറഞ്ഞു. സ്പീഡ് ബോട്ട് നിശ്ചിത അകലെയായിരുന്നുവെന്നും പിന്നീട് യാത്രാബോട്ടിന് സമീപത്തുകൂടി പോകാന്‍ ശ്രമിക്കുന്നതിനിടയില്‍ കൂട്ടയിടി നടക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.