30വയസുകാരനായ മകന്റ മരണമറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാലു ദിവസം. ഹൈദരാബാദിലാണ് സംഭവം. മാതാപിതാക്കള്‍ക്ക് കാഴ്ചശക്തി ഇല്ലാത്തതാണ് മകന്റെ വേര്‍പാട് അറിയാതെ നാലു ദിവസം കൂടെക്കഴിയേണ്ടി വന്നതിനു കാരണം. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വന്നിട്ടും അയല്‍ക്കാര്‍ ശ്രദ്ധിക്കാതിരുന്നതാണ് ദിവസങ്ങള്‍ നീണ്ടുപോകാന്‍ കാരണമായതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പൊലീസ് വിവരം അറിയുന്നത്.
റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ കാലുവ രമണയും ഭാര്യ ശാന്തികുമാരിയും ഇളയ മകന്‍ പ്രമോദിനൊപ്പമാണ് താമസിച്ചത്. പ്രമോദ് മദ്യത്തിന് അടിമയായിരുന്നുവെന്നും ഇക്കാരണത്താല്‍ ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയതാണെന്നും റിപ്പോര്‍ട്ടുണ്ട്. രമണയും ഭാര്യയും ഈ ദിവസങ്ങളിലെല്ലാം ഭക്ഷണത്തിനായും വെള്ളത്തിനായും മകനെ വിളിച്ചെങ്കിലും ഒരു പ്രതികരണവുമുണ്ടായില്ല. വളരെ പതിഞ്ഞ ശബ്ദമുള്ള ഇരുവരുടെയും ശബ്ദം പുറത്തേക്ക് കേട്ടില്ലെന്നും നാഗൊലെ പൊലീസ് സ്റ്റേഷന്‍ ഹെഡ് ഓഫീസര്‍ സൂര്യ നായക് പറയുന്നു.
വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോള്‍ രമണയും ഭാര്യയും അര്‍ധ ബോധാവസ്ഥയിലായിരുന്നെന്നും ഉടന്‍ തന്നെ ഭക്ഷണവും വെള്ളവും ഉള്‍പ്പെടെ വേണ്ട പരിചരണങ്ങള്‍ നല്‍കിയെന്നും പൊലീസ്. ഉറങ്ങുന്നതിനിടെയാവും പ്രമോദിന്റെ മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.