പ്രതീകാത്മക ചിത്രം (ANI)

പ്രതീകാത്മക ചിത്രം (ANI)

ആകാശപ്പറക്കലിനിടെ മറ്റൊരു പാരാഗ്ലൈഡറുമായി കൂട്ടിയിടിച്ച് 65കാരനായ സാഹസികന് ദാരുണാന്ത്യം. ഹിമാചല്‍ പ്രദേശിലെ കാന്‍ഗ്ര ജില്ലയില്‍ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ബെല്‍ജിയം സ്വദേശിയായ ഫെയാറെറ്റാണ് മരിച്ചത്. പറക്കലിനിടെ രാവിലെ 11.30ഓടെയാണ് അപകടമുണ്ടായത്. ഒപ്പം കൂട്ടിയിടിച്ച പോളണ്ടുകാരനായ പാരാഗ്ലൈഡര്‍ സുരക്ഷിതനാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു. 

രാവിലെ 11 മണിയോടെയാണ് ഇരുവരും പറക്കല്‍ ആരംഭിച്ചത്. കൂട്ടിയിടിച്ചതിന് പിന്നാലെ ബെല്‍ജിയം സ്വദേശിയുടെ ഗ്ലൈഡര്‍ തകര്‍ന്ന് കാടിനുള്ളിലേക്ക് പതിച്ചു. ഫെയാറെറ്റിന്‍റെ മൃതദേഹം ഇതുവരെയും കണ്ടെത്താനായില്ല. ഒപ്പം കൂട്ടിയിടിച്ച പോളണ്ട് സ്വദേശി ഗ്ലൈഡറോടെ മരത്തില്‍ കുടുങ്ങി. ഇയാളെ സുരക്ഷിതമായി താഴെയിറക്കാനായി. പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെന്നും നിസാര പരുക്കുകളുണ്ടെന്നും അധികൃതര്‍ അറിയിച്ചു. 

പാരാഗ്ലൈഡിങ് ലോകകപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ബിര്‍ബില്ലിങിനെ നടുക്കി അപകടമുണ്ടായിരിക്കുന്നത്. നവംബര്‍ രണ്ട് മുതല്‍ ഏഴുവരെയാണ് പാരാഗ്ലൈഡിങ് ലോകകപ്പ്. 50രാജ്യങ്ങളില്‍ നിന്നായി 130 പാരാഗ്ലൈഡറര്‍മാര്‍ പറക്കാനെത്തും. ലോകകപ്പില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി പരിശീലനം നടത്തുന്നതിനിടെയാണ് ഫെയാറെറ്റ്സിന് ജീവന്‍ നഷ്ടമായത്. 

കഴിഞ്ഞ ആഴ്ചയില്‍ പാരാഗ്ലൈഡിങിനിടെ മൂന്ന് വിദേശികള്‍ കുളുവിലെ പര്‍വതങ്ങളില്‍ കുടുങ്ങിയിരുന്നു. അതിശക്തമായ കാറ്റിനെ തുടര്‍ന്ന് ഗ്ലൈഡര്‍ തകരാറിലായതോടെയാണ് ഇവര്‍ കുടുങ്ങിയത്. കഴിഞ്ഞ വര്‍ഷവും ബിര്‍ബില്ലിങില്‍ പാരാഗ്ലൈഡര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. സോളോ പാരാഗ്ലൈഡറായ ആന്ദ്രേയാണ് അന്ന് മരിച്ചത്.

Google News Logo Follow Us on Google News

സാഹസികയിനങ്ങള്‍ക്ക് സുരക്ഷ നിര്‍ബന്ധമാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആരും ചെവിക്കൊണ്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കൂട്ടിയിടി ഒഴിവാക്കാനായി ജിപിഎസ് സംവിധാനം ഗ്ലൈഡറില്‍ സ്ഥാപിക്കണമെന്നും അപകടസ്ഥിതി പ്രവചിക്കാനാവണമെന്നും വിദഗ്ധര്‍ പറയുന്നു. പര്‍വതങ്ങളില്‍ ടവറുകള്‍ സ്ഥാപിച്ച് നിരീക്ഷണത്തിന് സൗകര്യമൊരുക്കണമെന്നും ഉത്തരവാദിത്തത്തോടെയാവണം സാഹസിക വിനോദസഞ്ചാരം വളര്‍ത്തേണ്ടതെന്നും വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

ENGLISH SUMMARY:

Belgium paraglider dies after mid-air collision in Himachal Pradesh. Feyarets, a free-flying paraglider in his mid-sixties, had come to Bir-Billing for practice, ahead of the Paragliding World Cup 2024.