കൊച്ചി ഇരുമ്പനത്ത് കാർ ലോറിയിൽ ഇടിച്ചുകയറി ഒരാൾ മരിച്ചു. എറണാകുളം പുത്തൻകുരിശ് സ്വദേശി അജിത്താണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന മറ്റ് മൂന്നുപേരുടെ നില ഗുരുതരമാണ്. കാർ അമിതവേഗത്തിൽ ദിശതെറ്റിച്ചെത്തിയതാണ് അപകടകാരണമെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു.
പുലർച്ചെ നാലരയ്ക്കാണ് സീപോർട്ട് എയർപോർട്ട് റോഡിൽ ഇരുമ്പനത്തിനും കാക്കനാടിനും മധ്യേ അപകടമുണ്ടായത്. കൊച്ചി വളഞ്ഞമ്പലത്തെ സ്വകാര്യ ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ് സ്ഥാപനത്തിലെ വിദ്യാർഥികളായ നാലുപേർ സഞ്ചരിച്ച കാർ ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു. കോട്ടയം ഭാഗത്തേക്ക് സിമൻ്റുമായി പോവുകയായിരുന്നു ലോറി. അപകടത്തിൽ കാറിന്റെ മുൻവശം ഏതാണ്ട് പൂർണമായി തകർന്നു. അപകടശേഷം സ്ഥലത്ത് എത്തിയവർ ഏറെ കഷ്ടപ്പെട്ടാണ് നാലു പേരെയും പുറത്തെടുത്തത്
അപകടത്തിൽ കാറോടിച്ചിരുന്ന പുത്തൻകുരിശ് സ്വദേശി അജിത്താണ് മരിച്ചത്. കാറിൽ കൂടെയുണ്ടായിരുന്ന രഞ്ജി ജോസ്, ജോഷ്, ജിതിൻ എന്നിവർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. സീ പോർട്ട് -എയർപോർട്ട് റോഡിൻ്റെ ഈ ഭാഗത്ത് അപകടങ്ങൾ നിത്യസംഭവമെന്നാണ് പ്രദേശവാസികൾ പറയുന്നത്.