പൊലീസുകാരന്‍ സര്‍വീസ് റിവോള്‍വര്‍ വായില്‍ കുത്തിയിറക്കി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് വിദ്യാര്‍ഥിയുടെ പരാതി. ഉത്തര്‍പ്രദേശിലെ കാന്‍പുരിലാണ് സംഭവം. ഝാന്‍സി സ്വദേശിയായ കുനാല്‍ കുമാറാണ് പരാതിക്കാരന്‍.
ഒക്ടോബര്‍ 26നാണ് പരാതിക്കടിസ്ഥാനമായ സംഭവമുണ്ടായത്. സബ് ഇന്‍സ്പെക്ടര്‍ നിഖില്‍ ശര്‍മ മൂന്ന് കോണ്‍സ്റ്റബിള്‍മാരുമായി തന്‍റെ മുറിയിലേക്ക് കടന്നുവന്നുവെന്നും അകാരണമായി മര്‍ദിച്ചുവെന്നുമാണ് പരാതി. വായിലേക്ക് തോക്ക് കുത്തിയിറക്കി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ജാതീയമായി അധിക്ഷേപിച്ചുവെന്നും കുനാല്‍ പരാതിയില്‍ വെളിപ്പെടുത്തി. എസ്.ഐക്കെതിരായ പരാതിയില്‍ നവാബ്ഗഞ്ച് പൊലീസ് നടപടി സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്ന് വിദ്യാര്‍ഥി കമ്മിഷണര്‍ക്ക് പരാതി നല്‍കി. കമ്മിഷണര്‍ കേസ് അഡീഷണല്‍ ഡിസിപിക്ക് കൈമാറി.
കാന്‍പുര്‍ സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് കുനാല്‍. പത്രകാര്‍പുരത്തെ ഗംഗാനഗര്‍ സൊസൈറ്റിയില്‍ വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയാണെന്നും കുനാലിനെ മര്‍ദിച്ച എസ്.ഐയും അതേ സൊസൈറ്റിയിലാണ് താമസിക്കുന്നതെന്നും പൊലീസ് വെളിപ്പെടുത്തി. ഊര്‍ജിതമായ അന്വേഷണം നടക്കുകയാണെന്നും പരാതി സത്യമെന്ന് തെളിഞ്ഞാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.